കേരളത്തില്‍നിന്നുള്ള എം.പിമാര്‍ക്കെതിരെ ചോദ്യം: വീഴ്ചവരുത്തിയ നിയമസഭാ സെക്രട്ടേറിയറ്റിന് സ്പീക്കറുടെ താക്കീത്
text_fieldsതിരുവനന്തപുരം: നക്ഷത്രചിഹ്നമിടാത്തതായുള്ള ചോദ്യങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കെതിരെ ചോദ്യം ഉള്‍പ്പെടുത്തിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടിയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച സ്പീക്കര്‍ എം.ബി. രാജേഷ്, ശക്തമായ താക്കീതും നല്കി.
ആഗസ്റ്റ് 23ലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ പട്ടികയില്‍ സംസ്ഥാനത്തെ എം.പിമാരില്‍ ഭൂരിപക്ഷവും പാര്‍ലമെന്റില്‍ സംസ്ഥാന വികസന താല്പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് പറയപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന വികസനത്തിന് ഗുണമാകുന്ന തരത്തില്‍ ഒറ്റക്കെട്ടായി നില്ക്കാന് സര്‍ക്കാറിനോട് ആവശ്യപ്പെടുമോയെന്ന ചോദ്യം ഉള്‍പ്പെടുത്തിയതിലുള്ള അസന്തുഷ്ടിയാണ് സ്പീക്കര്‍ പ്രകടിപ്പിച്ചത്.
നിയമസഭാ നടപടി ചട്ടം 36 (2) (എ) മുതല്‍ (യു) വരെയുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ചോദ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.
ചോദ്യ നോട്ടീസുകളില്‍ കടന്നുകൂടാറുള്ള വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ വിശേഷണങ്ങളോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ ഒഴിവാക്കിയാണ് അന്തിമാനുമതി നല്‍കുന്നത്. ചോദ്യത്തിന്റെ നോട്ടീസ് പരിശോധിച്ച് എഡിറ്റ് ചെയ്ത് അനുമതി നല്കുന്ന കാര്യത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു.
ഈ നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍തന്നെ ചെയര്‍ വ്യക്തമായ റൂളിങ് നല്‍കിയിട്ടും ഇത്തരത്തിലുള്ള അപാകതകള്‍ ചോദ്യങ്ങളുടെ പട്ടികയിൽ കടന്നുകൂടുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
ഇത്തരം വീഴ്ചകള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് ശക്തമായി താക്കീത് ചെയ്യുന്നതായും സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷ നേതാവായിരുന്നു ഇതു സംബന്ധിച്ച ആരോപണം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.