കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രത്യേക ക്രമീകരണം ഒരുക്കി- വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: കോഴിക്കോട് കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കി.
കോഴിക്കോട് മെഡിക്കല്‍ കോളജും സജ്ജമാക്കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. പടക്കം പൊട്ടിച്ചതിന് തൊട്ടുപിന്നാലെയാണ് ആന വിരണ്ടത്.
ഇടഞ്ഞ ആന തൊട്ടുമുന്നിലുണ്ടായിരുന്ന ആനയെ കുത്തി. ധനജ്ഞയൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. മുക്കാൽ മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്. അതുവരെ രണ്ട് ആനകളും ക്ഷേത്ര പരിസരത്ത് ഭീതി പരത്തി ഓടുകയായിരുന്നു. ആന വിരണ്ടോടിയപ്പോൾ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരിക്കേറ്റിരിക്കുന്നത്.
ബാലുശ്ശേരി ധനഞ്ജയൻ എന്ന ആന ആണിടഞ്ഞത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുൽ എന്ന ആനയെ ആണ് കുത്തിയത്. ഇടഞ്ഞ ആനകൾ ഓടിക്കയറിയത് തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കായിരുന്നു. കെട്ടിടം തകർന്ന് വീണാണ് മൂന്ന് പേർ മരിച്ചത്. ആയിരത്തിൽ അധികം ആളുകൾ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.