സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ പ്രത്യേക സംവിധാനം –മന്ത്രി
text_fieldsതിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതിന് സമാനമായ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മന്ത്രി വി.എൻ. വാസവൻ. സംസ്ഥാനത്തെ സഹകരണ ബാങ്ക് പ്രസിഡൻറുമാരുമായി നടത്തിയ ഓൺലൈൻ ആശയവിനിമയത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സഹകരണ ബാങ്കുകളിൽ ഓഡിറ്റ് നടത്താൻ ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടൻറ് ജനറലിനോട് ചീഫ് സെക്രട്ടറി അഭ്യർഥിച്ചു. സഹകരണ വകുപ്പിലെ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും.
കൃത്യമായി പരിശോധനയും നടപടിയുമുണ്ടാകും. മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയായിരിക്കും ഓഡിറ്റ് നടത്തുക. ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരിക്കും നയിക്കുക. ഭാവിയിൽ കോഓപറേറ്റിവ് ഓഡിറ്റ് മോണിറ്ററിങ് ഇൻഫർമേഷൻ സിസ്റ്റം നിലവിൽ വരും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ഐ.ടി സംയോജനം ഉറപ്പാക്കാനും തീരുമാനിച്ചു.
കരുവന്നൂർ ക്രമക്കേടുകൾ സർക്കാറിെൻറ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ രണ്ടു ദിവസത്തിനകം ഭരണസമിതി പിരിച്ചുവിട്ടു. കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് മാതൃകപരമായ ശിക്ഷ ഉറപ്പാക്കും. നിക്ഷേപകർക്ക് അവരുടെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാൻ പാക്കേജുണ്ടാക്കും.
കൺസ്യൂമർഫെഡ് ആരംഭിച്ച ഓണം വിപണിക്ക് സമാനമായ വിപണികൾ പ്രാദേശിക തലത്തിൽ ആരംഭിക്കാനും കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനും സഹകരണ സംഘങ്ങൾക്ക് മന്ത്രി നിർദേശം നൽകി. പാവപ്പെട്ടവർക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ടാബും ലാപ്ടോപ്പും കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുന്ന വിദ്യാതരംഗിണി വായ്പ പദ്ധതി കാര്യക്ഷമമാക്കും. ഓണക്കാലത്തിനുമുമ്പ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ കൊടുത്തുതീർക്കുമെന്നും മന്ത്രി പറഞ്ഞു.
വിജിലന്‍സ് ത്വരിതപരിശോധന ഉടൻ
കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേടിൽ വിജിലന്‍സ് ഉടന്‍ ത്വരിതപരിശോധ നടത്തും. ഇതിനുശേഷമാകും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിലേക്ക് കടക്കുക. ക്രമക്കേടിൽ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.
അതിെൻറ അടിസ്ഥാനത്തിലാണ് ജോയൻറ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 16 സഹകരണവകുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തത്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് സഹകരണവകുപ്പു നല്കിയ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
ബാങ്കില്‍ 2011 മുതല്‍ നടത്തിയിട്ടുള്ള ക്രമക്കേടുകള്‍ അന്വേഷിക്കും. 2011 മുതല്‍ ഭരണനിര്‍വഹണത്തിലും ഓഡിറ്റിലും വീഴ്ച വന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണം. ഉടൻതന്നെ അന്വേഷണം ആരംഭിക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.