സിനിമയുടെ ലാഭം എവിടേക്ക്...? സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുന്നു
text_fieldsകൊച്ചി: കഴിഞ്ഞ ഒന്നര വർഷത്തിനിടെ മലയാളത്തിൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമകളുടെ ലാഭം പോയ വഴികൾ തേടി സ്പെഷൽ ബ്രാഞ്ച്. കോടികളുടെ മുതൽമുടക്കുള്ള മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നതായും സിനിമയിൽനിന്നുള്ള ലാഭം കള്ളക്കടത്തും ലഹരി വിപണനവും പോലുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതായും ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. 2019 ജനുവരി ഒന്നുമുതൽ ഈ വർഷം ആഗസ്റ്റ് 31 വരെ പുറത്തിറങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിക്കുന്നത്. സ്പെഷൽ ബ്രാഞ്ച് സി.ഐ.ഡി കൊച്ചി സിറ്റി ഡിവൈ.എസ്.പിയാണ് വിവരങ്ങൾ ആവശ്യപ്പെട്ട് രണ്ട് പ്രധാന സിനിമ സംഘടനകൾക്ക് ഇ-മെയിൽ സന്ദേശം അയച്ചത്.
നിർമാണവും വിതരണവും ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഫിലിം ചേംബർ, നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവക്കാണ് ഇ-മെയിൽ ലഭിച്ചത്. 2019 ജനുവരി ഒന്നിനും 2020 ആഗസ്റ്റ് 31നും ഇടയിൽ മലയാളത്തിൽ എത്ര സിനിമകൾ റിലീസ് ചെയ്തു, നിർമാതാക്കളടക്കം ഇവയുടെ അണിയറപ്രവർത്തകരുടെ ഫോൺ നമ്പറും വിലാസവും, നിർമാണവുമായി ബന്ധപ്പെട്ട് മൊത്തം ചെലവഴിച്ച തുക തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിജയം നേടിയ സിനിമകളെക്കുറിച്ച വിവരങ്ങൾ പ്രത്യേകമായും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും റിലീസ് ചെയ്യാത്തവയുടെ വിവരങ്ങൾ ആരാഞ്ഞിട്ടില്ല.
വൻ വിജയം നേടിയ സിനിമകൾ ഈ കാലയളവിൽ താരതമ്യേന കുറവാണെങ്കിലും ഇവയിൽനിന്നുള്ള ലാഭം എവിടേക്ക് പോയി എന്നതു സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ട്.
ബംഗളൂരു ലഹരി കടത്ത്, സ്വർണക്കടത്ത് കേസുകളുടെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം. വിവരങ്ങൾ എന്ത് ആവശ്യത്തിനാണെന്ന് സംഘടനകൾക്ക് അയച്ച ഇ-മെയിലിൽ വ്യക്തമാക്കിയിട്ടില്ല. ഫിലിം ചേംബർ മറുപടി നൽകിയിട്ടുണ്ട്. രണ്ടുദിവസത്തിനകം നിർമാതാക്കളും നൽകും. ആദ്യമായാണ് സിനിമയുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് ഇത്തരമൊരു വിവരശേഖരണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.