മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം
text_fieldsതിരുവനന്തപുരം: വയനാട് മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകീട്ട് 3.30ന് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുന്നത്. പുനർനിർമാണത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ, നിർമാണ പ്രവൃത്തികൾ എന്നിവ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഇന്നുണ്ടാകുമെന്ന് സൂചന. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഇന്ന് വിളിച്ചുചേര്‍ക്കും. സഹായം വാഗ്ദാനം ചെയ്തവരെ മുഖ്യമന്ത്രി നേരില്‍ കാണും. ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളും മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടുവരും. പ്രശ്നങ്ങൾ പരിഹരിച്ച് ഒരു മാസത്തിനുള്ളില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് സർക്കാർ നീക്കം.
വീട് നിർമാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരുന്നുണ്ട്. ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീട് നിർമ്മിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എൽസ്റ്റോൺ എസ്റ്റേറ്റിൻറയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമപരിഹാരം കണ്ടെത്തലിലും നാളെ വൈകീട്ട് മൂന്നരക്ക് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വലിയ വിവാദമുണ്ട്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗൺസിൽ പ്രതിഷേധമുയർത്തി. ദുരന്തബാധിതരെ വേർതിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡി.ഡി.എം.എ യോഗം ചേരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.