വ്യവസായ വകുപ്പിനു കീഴിൽ പ്രത്യേക വാണിജ്യ വിഭാഗം
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വ്യവസായ വകുപ്പിൽ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
വ്യാപാര വാണിജ്യ മേഖലക്ക് അർഹമായ പ്രാധാന്യം നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വ്യാപാരി-വ്യവസായ സംഘടനകളുടെയും നവകേരള സദസ്സ് വേദികളിലെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി അന്തിമരൂപം നൽകും. ‘ട്രേഡ് പ്രമോഷൻ’ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേന്ദ്ര സർക്കാറിന് പ്രത്യേക വാണിജ്യ വകുപ്പുണ്ട്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ വ്യവസായ-വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും. ഫയൽ കൈകാര്യം ചെയ്യുന്നതിന് സെക്രട്ടേറിയറ്റിലെ ഒരു അണ്ടർ സെക്രട്ടറിയുമുണ്ടാകും.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലും ജില്ല വ്യവസായ കേന്ദ്രങ്ങളിലും ചുമതലകളും ഉത്തരവാദിത്തങ്ങളും പുനഃക്രമീകരിക്കും.
ഡയറക്ടറേറ്റിൽ ഐ.എ.എസ് കേഡറിൽ നിന്നുള്ള സ്പെഷൽ ഓഫിസറെ വാണിജ്യ വിഭാഗത്തിനായി നിയോഗിക്കും. ഇവിടെ ജോ. ഡയറക്ടർ (കോമേഴ്സ്), ഡെപ്യൂട്ടി ഡയറക്ടർ (കോമേഴ്സ്) എന്നിവരുടെ ഓരോന്നും ക്ലറിക്കൽ വിഭാഗത്തിൽ രണ്ടു തസ്തികയുമുണ്ടാകും.
ചില്ലറ വ്യാപാര മേഖലയുടെ പ്രോത്സാഹനം, ഇൻസെന്റിവ് വിതരണം, സംരംഭ നവീകരണത്തിന് സൗകര്യമൊരുക്കൽ, കയറ്റുമതി പ്രോത്സാഹനം, മേളകളിലും പ്രദർശനങ്ങളിലും പങ്കെടുക്കാൻ പിന്തുണ നൽകൽ തുടങ്ങിയവ വാണിജ്യ വിഭാഗത്തിന്റെ ചുമതലകളാണ്. വ്യവസായ-വാണിജ്യവകുപ്പ് ഡയറക്ടർ എസ്. ഹരികിഷോറും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
തീരുമാനം സ്വാഗതം ചെയ്യുന്നതായി വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.