പൊലീസിനെതിരായ അതിക്രമക്കേസുകൾക്ക് പ്രത്യേക കോടതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കൃത്യനിർവഹണത്തിനിടെ പൊലീസുകാർക്ക് നേരെയുണ്ടാകുന്ന അതിക്രമക്കേസുകള്‍ പരിഗണിക്കാൻ പ്രത്യേക കോടതി വരുന്നു. ഹൈകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. നിയമവകുപ്പിന്‍റെകൂടി പരിഗണനക്ക് ശേഷമാകും അന്തിമതീരുമാനം.
എല്ലാ ജില്ലകളിലെയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ പൊലീസുകാരുടെ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതികളായി വിജ്ഞാപനം ചെയ്യും. ഡ്യൂട്ടി സമയത്ത് പൊലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങള്‍ വർധിക്കുകയും രാഷ്ട്രീയ സമ്മർദത്തെതുടർന്ന് ഇത്തരം കേസുകൾ പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈകോടതി വിഷയത്തിൽ ഇടപെട്ടത്. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഓരോ ജില്ലയിലും രജിസ്റ്റർ ചെയ്ത ഇത്തരം കേസുകളുടെ റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് കോടതികൾ ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. കൂടുതൽ കേസുകളുള്ള ജില്ലകളിലായിരിക്കും ആദ്യം കോടതി ആരംഭിക്കുക. നിലവിലുള്ള കോടതികളെതന്നെ ഇത്തരം കേസുകൾ പരിഗണിക്കുന്ന കോടതികളാക്കി മാറ്റുന്നതിനാൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന വിലയിരുത്തലാണ് ആഭ്യന്തരവകുപ്പിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.