കോവിഡ് മരണ പ്രത്യേക ധനസഹായം: കിട്ടിയത് അപേക്ഷകരിൽ 16ശതമാനത്തിന് മാത്രം
text_fieldsതിരുവനന്തപുരം: കോവിഡിൽ മരിച്ച ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 5000 രൂപയുടെ പ്രതിമാസ സഹായം നൽകിയത് അപേക്ഷകരിൽ 16 ശതമാനം പേർക്കു മാത്രം. 26,589 അപേക്ഷകൾ ലഭിച്ചതിൽ 4307 പേർക്കാണ് സഹായം നൽകിയത്. 6926 അപേക്ഷകൾ സമാശ്വാസ ധനസഹായത്തിനായി അംഗീകരിച്ചിട്ടുണ്ടെങ്കിലും 2619 പേർക്ക് നൽകിയിട്ടില്ല. 13,334 അപേക്ഷകൾ നിരസിച്ചതായും ശേഷിക്കുന്നവ പരിശോധിച്ച് വരുകയാണെന്നുമാണ് സർക്കാർ വിശദീകരണം.
കോവിഡ് മൂലം മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾ 5000 രൂപവീതം മൂന്നു മാസം നൽകുമെന്നായിരുന്നു പ്രഖ്യാപനം. 2021 ഒക്ടോബറിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് വഹിക്കാനുമാണ് അന്ന് തീരുമാനിച്ചത്. എന്നാൽ, നടപടികൾ ഇഴയുകയായിരുന്നെന്നാണ് കണക്കുകൾ അടിവരയിടുന്നത്.
സാമൂഹികക്ഷേമ-ക്ഷേമനിധി പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ലെന്നും അപേക്ഷ നടപടികൾ ലളിതമാണെന്നുമാണ് സർക്കാർ പറഞ്ഞിരുന്നത്. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കുമെന്നും പറഞ്ഞിരുന്നു.കൂടുതൽ അപേക്ഷകരുള്ളത് തലസ്ഥാന ജില്ലയിലാണ്, 8871 പേർ. കുറവ് 251 അപേക്ഷകരുള്ള വയനാടും. അംഗീകരിച്ചതിൽ മുന്നിൽ പാലക്കാട് ജില്ലയിലാണ് (1032). ആദ്യതീരുമാനത്തിനു ശേഷം മാനദണ്ഡങ്ങൾ മാറ്റം വരുത്തിയതാണ് അപേക്ഷകൾ കൂടുതൽ നിരസിക്കപ്പെടാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.