തലാസീമിയ, സിക്കിൾസെൽ അനീമിയ രോഗികൾക്ക് പ്രത്യേക ഭക്ഷ്യധാന്യം പരിഗണനയിൽ
text_fieldsതിരുവനന്തപുരം: ജനങ്ങളിലെ സൂക്ഷ്മ പോഷാഹാരക്കുറവ് പരിഹരിക്കാൻ പൊതുവിതരണ സംവിധാനം വഴി സമ്പുഷ്ടീകരിച്ച റേഷനരി വിതരണംചെയ്യുന്ന സാഹചര്യത്തിൽ തലാസീമിയ, സിക്കിൾസെൽ അനീമിയ രോഗികൾക്ക് പ്രത്യേക ഭക്ഷ്യധാന്യം വിതരണംചെയ്യുന്നത് സംസ്ഥാന സർക്കാറിന്റെ പരിഗണനയിലെന്ന് റേഷനിങ് കൺട്രോളർ കെ. മനോജ്കുമാർ. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് തലാസീമിയ, സിക്കിൾസെൽ അനീമിയ രോഗികൾക്ക് സമ്പുഷ്ടീകരിച്ച അരി നൽകുന്നതിന് നിയന്ത്രണമുണ്ട്. കേരളത്തിൽ ഉൽപാദിക്കുന്ന കുത്തരിയാണ് (സി.എം.ആർ) ഇവർക്ക് നൽകുന്നത്.
കുത്തരിയും സമ്പുഷ്ടീകരിക്കണമെന്നാണ് കേന്ദ്ര നിർദേശം. ഈ സാഹചര്യത്തിൽ ഭാവിയിൽ ഇവർക്കുള്ള ഭക്ഷ്യധാന്യ വിതരണം എങ്ങനെ വേണമെന്ന് സർക്കാർ ആലോചിച്ചുവരുകയാണ്. സമ്പുഷ്ടീകരിച്ച അരിവിതരണം സംബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പും യുനൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗാമും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തരി സമ്പുഷ്ടീകരിക്കുന്നത് ദോഷകരമാകുമെന്ന ജനങ്ങളുടെ ആശങ്ക പഠിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ചെയർമാനായി കഴിഞ്ഞ ജനുവരിയിൽ സർക്കാർ സമിതിയെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് കുത്തരി സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകും.
ഇതുസംബന്ധിച്ച നിർദേശങ്ങൾ സപ്ലൈകോക്ക് നൽകിയിട്ടുണ്ട്. സപ്ലൈകോയുമായി കരാറുള്ള 61 മില്ലുകൾ വഴിയാകും സംമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ നടക്കുക.സമ്പുഷ്ടീകരിച്ച അരി പാചകം ചെയ്യുന്നതിന് പ്രത്യേക രീതി ആവശ്യമില്ലെന്നും പാചകം ചെയ്യുന്നതിനുമുമ്പ് കഴുകി വൃത്തിയാക്കി ഉപയോഗിച്ചാൽ മതിയെന്നും യുനൈറ്റഡ് നാഷൻസ് വേൾഡ് ഫുഡ് പ്രോഗാം ന്യൂട്രീഷൻ ആൻഡ് സ്കൂൾ ഫീഡിങ് യൂനിറ്റ് മേധാവി ഡോ. ശാരിഖ യൂനിസ് ഖാൻ പറഞ്ഞു.
അരിയിൽ അയൺ, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി -12, സിങ്ക് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിക്കുക വഴി ദരിദ്ര വിഭാഗങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കഴിയുമെന്നും അവർ പറഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ. യു. അനുജ, യുനൈറ്റഡ് നാഷൻസ് വേൾഡ് ഫുഡ് പ്രോഗാം (ഫോർട്ടിഫൈഡ്) സീനിയർ പ്രോഗ്രാം അസോസിയേറ്റ് പി. റാഫി, എഫ്.സി.ഐ ഡെപ്യൂട്ടി മാനേജർ ഹർഷ്കുമാർ, ഭക്ഷ്യസുരക്ഷ വകുപ്പ് ഡെപ്യൂട്ടി കമീഷണർ എസ്. അജി, ബ്ലൂപ്രിന്റ് സി.ഇ.ഒ ബേബി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.