വാഹനങ്ങളിലെ രൂപമാറ്റം പിടികൂടാൻ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈകോടതിയിൽ
text_fieldsകൊച്ചി: വാഹനങ്ങളിലെ രൂപമാറ്റം പിടികൂടാൻ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈകോടതിയിൽ. വ്ലോഗർമാരുടെയും യു ട്യൂബർമാരുടെയും നിയമലംഘന വിഡിയോകൾ യു ട്യൂബിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യു ട്യൂബ് മോഡറേഷൻ ടീമിന് ഗതാഗത കമീഷണർ കത്തെഴുതിയിട്ടുണ്ട്. വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ഒട്ടോ ഷോ പരിപാടികൾ കലാലയങ്ങളിൽ പാടില്ലെന്ന് നിർദേശം നൽകണമെന്ന് പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
വ്ലോഗർമാരും യു ട്യൂബർമാരും നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്കെതിരായ ഹരജികളാണ് കോടതി പരിഗണിച്ചത്. ഓൺലൈനിൽ അപ്ലോഡ് ചെയ്ത നിയമലംഘന വിഡിയോകളടക്കം റോഡ്, ഹൈവേ ഗതാഗത മന്ത്രാലയം സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തിന് സമയം വേണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കാമ്പസുകളിൽ വാഹനങ്ങളുമായുള്ള അഭ്യാസ പ്രകടനങ്ങൾ വേണ്ടെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എൽ.ഇ.ഡി ലൈറ്റുകളടക്കം സ്ഥാപിച്ച വാഹനങ്ങളിൽ വിനോദ യാത്ര അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളിൽ എൽ.ഇ.ഡി ലൈറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കാനായി പരിശോധന നടത്തിയതായും വ്യക്തമാക്കി. തുടർന്ന് ഇക്കാര്യങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ കോടതി ഗതാഗത കമീഷണർക്ക് നിർദേശം നൽകി.
ഇരുചക്ര വാഹന ഉടമകൾ അതിസുരക്ഷാ നമ്പർ പ്ലേറ്റുകളിൽ മാറ്റം വരുത്തുന്നത് തടയാൻ എന്ത് നടപടിയാണ് സ്വീകരിക്കാനാവുക എന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. കാബിനിലിരുന്ന് ഡ്രൈവർമാർ വിഡിയോ എടുക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹരജി വീണ്ടും ജൂൺ 25ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.