സ്ത്രീകള്‍ക്ക് പരാതി നൽകാൻ നഗരങ്ങളിൽ പ്രത്യേക കിയോസ്ക് സംവിധാനം വരുന്നു; ആദ്യത്തേത് കൊച്ചിയില്‍
text_fieldsതിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചിയില്‍ ഹൈകോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കൊച്ചി ഡെപ്യൂട്ടി കമീഷണര്‍ക്കാണ് കിയോസ്ക് സ്ഥാപിക്കുന്നതിന്‍റെ ചുമതല.
ഈ സംവിധാനം തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. സ്ത്രീകള്‍ക്ക് സുഗമമായി പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തരഘട്ടങ്ങളില്‍ വ്യക്തികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ പരാതി നല്‍കാന്‍ കഴിയുന്ന കിയോസ്ക് സംവിധാനം കൊച്ചി കടവന്ത്രക്ക് സമീപം കഴിഞ്ഞദിവസം സ്ഥാപിച്ചിരുന്നു.
വിഡിയോ കോള്‍ സംവിധാനത്തിലൂടെ സ്പെഷല്‍ കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. പരാതി ഓണ്‍ലൈനായി കേട്ടശേഷം ഉദ്യോഗസ്ഥര്‍ ആവശ്യമായ നിർദേശങ്ങള്‍ അവര്‍ക്ക് നല്‍കുകയും പരാതി സ്വീകരിക്കുകയും ചെയ്യും.
കിയോസ്ക് വഴി ലഭിക്കുന്ന പരാതികളിന്‍മേല്‍ അതത് പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും. കൂടാതെ അന്വേഷണ പുരോഗതിയും മറ്റും ഫോണ്‍ മുഖാന്തിരം പരാതിക്കാരനെ യഥാസമയം അറിയിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.