സ്പെഷൽ മാര്യേജ് ആക്ട്: 30 ദിവസത്തെ മുൻകൂർ നോട്ടീസ് വ്യവസ്ഥയിൽ ഇളവ് സാധ്യമല്ലെന്ന് ഹൈകോടതി
text_fieldsെകാച്ചി: സ്പെഷൽ മാര്യേജ് ആക്ടിൽ ഭേദഗതി വരുത്താത്തിടത്തോളം വിവാഹത്തിന് 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്താനാകില്ലെന്ന് ഹൈകോടതി. ആക്ടിൽ വ്യവസ്ഥയില്ലാത്തതിനാൽ ഓൺലൈൻ സംവിധാനത്തിലൂടെയുള്ള വിവാഹം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി. ആശ വ്യക്തമാക്കി. ബിരുദാനന്തര പഠനത്തിന് യു.കെയിൽ പോകേണ്ടതിനാൽ 30 ദിവസത്തെ മുൻകൂർ നോട്ടീസ് വ്യവസ്ഥയിൽ ഇളവ് വരുത്തുകയോ ഡിജിറ്റൽ സംവിധാനത്തിലൂെട വിവാഹം രജസ്റ്റർ ചെയ്യാൻ അനുമതി നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശിനി വി.കെ. ഷിദ നൽകിയ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
സ്വകാര്യ ചടങ്ങിൽ ഇതര സമുദായക്കാരനായ യുവാവുമായി ജനുവരി 15ന് വിവാഹിതയായശേഷം രജിസ്ട്രേഷനായി തൃത്താല പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്ന് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഈ മാസം നാലിന് ആലപ്പുഴ ജില്ല രജിസ്ട്രാർ മുമ്പാകെ അപേക്ഷ നൽകി. 30 ദിവസം തികയുംമുേമ്പ ഇംഗ്ലണ്ടിലേക്ക് പോകേണ്ടതിനാൽ നോട്ടീസ് കാലയളവിൽ ഇളവ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. നോട്ടീസ് കാലയളവ് പൂർത്തിയാക്കിയേ മതിയാകൂവെന്നുണ്ടെങ്കിൽ വരൻ നേരിട്ടും ഹരജിക്കാരി ഓൺലൈൻ മുഖേനയും ഹാജരായാൽ രജിസ്റ്റർ ചെയ്തു നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ 30 ദിവസത്തെ മുൻകൂർ നോട്ടീസ് നിർബന്ധമാണെന്നും ഇളവ് നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചട്ടത്തിൽ വ്യവസ്ഥ ചെയ്യാത്തതിനാൽ ഓൺലൈൻ മുഖേനയുള്ള നടപടികളും സാധ്യമല്ല. വ്യവസ്ഥ ലംഘിക്കപ്പെടുന്നപക്ഷം ശിക്ഷനടപടികളും നിയമത്തിൽ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.