വിഡിയോ കോൺഫറൻസിലൂടെ സ്പെഷൽ മാര്യേജ്: വിശാല ബെഞ്ചിന് വിട്ടു
text_fieldsകൊച്ചി: വിഡിയോ കോൺഫറൻസിലൂടെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇതുസംബന്ധിച്ച ഹരജി വിശാലബെഞ്ചിന് വിട്ട് ഹൈകോടതി സിംഗിൾ ബെഞ്ച്. വിഡിയോ കോൺഫറൻസിലൂടെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് അനുമതി തേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാർട്ടിൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിവാഹത്തിന് നോട്ടീസ് നൽകിയശേഷം രാജ്യം വിട്ട് പോകേണ്ടിവരുന്നവർക്ക് പല കാരണങ്ങളാലും നാട്ടിൽ എത്താനാകാത്ത സാഹചര്യമുണ്ടാകാമെന്നിരിക്കെ ഇക്കാര്യത്തിൽ പ്രായോഗിക പരിഹാരം ആവശ്യമാണെന്ന് ഉത്തരവിൽ പറയുന്നു.
വിവാഹം കഴിക്കുന്നവർ ഓഫിസർക്ക് മുന്നിൽ മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ സത്യപ്രസ്താവന ഫോറത്തിൽ ഒപ്പിടണമെന്നാണ് സ്പെഷൽ മാര്യേജ് ആക്ടിൽ പറയുന്നത്. വിവാഹ ഓഫിസറുടെ ഓഫിസിൽവെച്ചോ വിവാഹം കഴിക്കുന്നവരുടെ ആഗ്രഹ പ്രകാരം നിശ്ചിത ദൂരത്തിലുള്ള സ്ഥലത്തുവെച്ചോ ആയിരിക്കണം വിവാഹം നടക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്. സ്പെഷൽ മാര്യേജ് ആക്ടിലെ 11, 12 വകുപ്പുകൾ പ്രകാരം ഈ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ നേരിട്ട് ഹാജരാകാതെ വിവാഹം നടത്തണമെന്ന ആവശ്യം ഹൈകോടതി പലപ്പോഴും നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ഈ ഉത്തരവുകൾ ശരിയാണെന്ന് കരുതാനാവില്ല. ഇൗ വിഷയത്തിൽ സിംഗിൾ ബെഞ്ചുകൾ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയ സാഹചര്യം പരിഗണിച്ചാണ് ഹരജി വിശാല ബെഞ്ചിന് വിട്ടത്.
ക്രിമിനൽ കേസിലെ സാക്ഷിയുടെ മൊഴി വിഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്താമെങ്കിൽ വിവാഹവും അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. വിവാഹം രജിസ്റ്റർ ചെയ്യാൻ വധൂവരന്മാർക്ക് വിഡിയോ കോൺഫറൻസിങ് മുഖേന രജിസ്ട്രേഷൻ ഒാഫിസർക്ക് മുന്നിൽ ഹാജരാകാമെന്ന് ഹൈകോടതി വിധികളുണ്ട്. ആ നിലക്ക് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ നേരിട്ട് ഹാജരാകണമെന്നും വിഡിയോ കോൺഫറൻസിങ് മുഖേനയുള്ള വിവാഹത്തിന് സ്പെഷൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾപ്രകാരം പ്രാബല്യമില്ലെന്നും സിംഗിൾ ബെഞ്ചുകൾ നേരേത്ത നടത്തിയ വിലയിരുത്തലുകൾ ശരിയല്ല.
ഇൗ വിവാഹത്തിെൻറ അടിസ്ഥാനം തന്നെ കരാറായതിനാൽ ഐ.ടി ആക്ടിനും പ്രാധാന്യമുണ്ട്. അതു പ്രകാരം ഇലക്ട്രോണിക് രൂപത്തിലുള്ള കരാറുകൾക്കും അംഗീകാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.