കോൺഗ്രസ് പട്ടികയിൽ ഉടക്ക്; ഇന്ന് എം.പിമാരുടെ പ്രത്യേക യോഗം
text_fieldsന്യൂഡൽഹി: അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകൾക്കിടയിൽ പൊട്ടിത്തെറി. പട്ടിക തയാറാക്കാൻ കൂടിയാലോചന ഉണ്ടായില്ലെന്ന് എം.പിമാർക്കിടയിൽനിന്ന് ഉയർന്ന കടുത്ത വിമർശനം പറഞ്ഞൊതുക്കാൻ മുതിർന്ന നേതാക്കൾ ബുധനാഴ്ച രാവിലെ കേരള ഹൗസിൽ എം.പിമാരുടെ പ്രത്യേക യോഗം വിളിച്ചു.
കൂടിയാലോചന ഇല്ലാതെ തയാറാക്കിയ പട്ടികയുടെ ചുവട്ടിൽ ഒപ്പുവെക്കാൻ മനസ്സില്ലെന്ന് തുറന്നടിച്ച് കെ. മുരളീധരൻ എം.പി സ്ക്രീനിങ് കമ്മിറ്റി യോഗം തുടർച്ചയായ രണ്ടാം ദിവസവും ബഹിഷ്കരിച്ചു.
ആദ്യദിവസത്തെ ചർച്ചയിൽനിന്ന് വിട്ടുനിന്ന എം.കെ. രാഘവൻ എം.പി ചൊവ്വാഴ്ച സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എച്ച്.കെ. പാട്ടീലിനെ നേരിൽക്കണ്ട് പരാതി പറയാൻ തീരുമാനിച്ചെങ്കിലും കമ്മിറ്റി യോഗം നീണ്ടതിനാൽ കൂടിക്കാഴ്ച നടന്നില്ല.
സ്ഥാനാർഥിപ്പട്ടികക്ക് അന്തിമാനുമതി നൽകാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വ്യാഴാഴ്ച ചേരാനിരിക്കെയാണ് ഭിന്നത മറനീക്കിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ മാത്രം ചർച്ച ഒതുക്കി ഏകപക്ഷീയമായി സ്ഥാനാർഥിപ്പട്ടിക തയാറാക്കിയെന്ന അമർഷമാണ് ഉയർന്നിരിക്കുന്നത്.
എച്ച്.കെ. പാട്ടീലിെൻറ അധ്യക്ഷതയിൽ രണ്ടു ദിവസമായി കരടുപട്ടിക ചുരുക്കാൻ സ്ക്രീനിങ് കമ്മിറ്റിയുടെ ചർച്ച ഡൽഹിയിൽ നടക്കുകയാണ്.
കേരളത്തിൽനിന്ന് കരടുപട്ടിക തയാറാക്കിയപ്പോൾ എം.പിമാരുടെ അഭിപ്രായം ചോദിച്ചില്ലെന്നിരിക്കെ, അത്തരമൊരു പട്ടികയിലെ പേരുകളെക്കുറിച്ച് മാത്രമായി ഡൽഹിയിൽ ചർച്ച ചെയ്യാൻ തങ്ങളെ വിളിക്കുന്നത് അർഥശൂന്യമാണെന്ന് മുരളീധരനും എം.കെ. രാഘവനും കുറ്റപ്പെടുത്തി.
സ്ഥാനാർഥികളുടെ പേരുകൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് ചർച്ച വേണ്ടത്. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളും അവരുടെ ജയപരാജയ സാധ്യതകളും വിലയിരുത്തുന്നതിൽ അതതിടത്തെ എം.പിമാരുടെ അഭിപ്രായം പ്രധാനമാകേണ്ടതാണ്.
മുരളീധരനും മറ്റും ഉടക്കിയത് ശ്രദ്ധയിൽപെട്ടതോടെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എച്ച്.കെ. പാട്ടീൽ ഇടപെട്ട് അവരെ ചർച്ചക്ക് വിളിക്കുകയായിരുന്നു. എന്നാൽ, മുരളീധരൻ തയാറായില്ല. ഉമ്മൻ ചാണ്ടിയെ ഒറ്റക്ക് കണ്ടും രാഘവൻ പരാതി അറിയിച്ചു. ഇതിനെല്ലാമിടയിലാണ് ബുധനാഴ്ചത്തെ എം.പിമാരുടെ യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.