മതസൗഹാർദത്തിന് പ്രത്യേക മന്ത്രാലയം രൂപവത്കരിക്കണം -സാദിഖലി തങ്ങൾ
text_fields കോഴിക്കോട്: മതസൗഹാർദം കാത്തുസൂക്ഷിക്കാൻ കേന്ദ്രത്തിൽ പ്രത്യേക മന്ത്രാലയം രൂപവത്കരിക്കണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പല വിദേശരാജ്യങ്ങളിലും സൗഹൃദം അരക്കിട്ടുറപ്പിക്കാൻ ഇത്തരം മന്ത്രാലയങ്ങളുണ്ട്. ഇത് മാതൃകയാക്കി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സഹിഷ്ണുത മന്ത്രാലയങ്ങൾ രൂപവത്കരിക്കുന്നത് ഫലപ്രദമാകും. മുസ്‍ലിംലീഗ് സംഘടിപ്പിച്ച സൗഹൃദ സംഗമത്തിനുശേഷം വാർത്തസമ്മേളനത്തിലാണ് തങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്.
ജില്ലകളിൽ നടത്തിയ സൗഹൃദ സംഗമങ്ങളിൽ ഐക്യശ്രമങ്ങൾക്ക് എല്ലാ വിഭാഗങ്ങളിൽനിന്നും പൂർണ പിന്തുണയാണ് ലഭിച്ചത്. വാദിച്ചു ജയിക്കാനും തർക്കിച്ച് തോൽപിക്കാനുമല്ല, എല്ലാവരും ഒന്നാണെന്ന് സ്ഥാപിക്കാനാണ് ശ്രമങ്ങളുണ്ടാകേണ്ടത്. മതങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ മുറുകെപ്പിടിച്ച് പ്രവർത്തിക്കുമ്പോൾ സ്നേഹവും സൗഹാർദവും ഊട്ടിയുറപ്പിക്കാനാകും. വിദ്വേഷം പ്രചരിപ്പിക്കുന്നത് ചെറുവിഭാഗമാണ്. ഭൂരിപക്ഷം ജനങ്ങളും ഇവരെ ഒറ്റപ്പെടുത്തുമ്പോൾ വിദ്വേഷ പ്രചാരണങ്ങൾ ഇല്ലാതാകും. ഓരോ വിഭാഗത്തിലുമുള്ള തീവ്രചിന്താഗതിക്കാരെ അവരവർ തന്നെ തള്ളിപ്പറയണം. സൗഹൃദ സംഗമങ്ങളിൽനിന്ന് ലഭിച്ച പിന്തുണയും പ്രോത്സാഹനവും അത് ദേശവ്യാപകമായി നടത്തുന്നതിന് പാർട്ടിക്ക് ഊർജമാകും. പ്രാദേശിക തലങ്ങളിലും സൗഹൃദ സംഗമങ്ങൾക്ക് ലീഗ് മുൻകൈയെടുക്കുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി.
കെ.എൻ.എ ഖാദർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതു സംബന്ധിച്ച് അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ച ശേഷം തൃപ്തികരമല്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും വ്യക്തമാക്കി. സാദിഖലി തങ്ങൾ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ലെന്നും നേതാക്കൾ പറഞ്ഞു
കേരളത്തിന്റെ സൗഹാർദം ഇന്ത്യക്ക് മാതൃകയാവണം -ഖാദർ മൊയ്തീൻ
കോഴിക്കോട്: കാസർകോട്ടുനിന്നാരംഭിച്ച് 13 ജില്ലകൾ താണ്ടി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിച്ച ജില്ല സൗഹൃദ സംഗമങ്ങൾക്ക് കോഴിക്കോട് കടപ്പുറത്ത് ഉജ്ജ്വല പരിസമാപ്തി. ദേശീയ-സംസ്ഥാന നേതാക്കളെയും ഒഴുകിയെത്തിയ ആയിരങ്ങളെയും സാക്ഷിനിർത്തി കേരളത്തിന്റെ സൗഹാർദാന്തരീക്ഷത്തിന്റെ പാളംതെറ്റാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് കോഴിക്കോട് കടപ്പുറത്തെ മറൈൻ ഗ്രൗണ്ട് വേദിയിൽ സംഗമം സമാപിച്ചത്.
സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന കേരള പാരമ്പര്യത്തെ ഒരിക്കലും തകർക്കാൻ അനുവദിക്കില്ലെന്ന് എല്ലാ ജില്ലകളിലും സംഗമങ്ങളിൽ പങ്കെടുത്ത സാംസ്കാരിക-മത-സാമൂഹിക വ്യക്തിത്വങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെന്ന് നേതാക്കൾ അറിയിച്ചത് ഹർഷാരവങ്ങളോടെ സദസ്സ് ഏറ്റുവാങ്ങി.
കേരളത്തിൽനിന്ന് കൊളുത്തിയ സൗഹാർദത്തിന്റെ ഈ ദീപം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമെത്തിക്കണമെന്ന് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്തീൻ അഭിപ്രായപ്പെട്ടു. രാജ്യത്ത് മതത്തിന്റെ പേരിൽ വിഭജനം സൃഷ്ടിക്കാൻ ഭരണാധികാരികൾ പോലും ശ്രമിക്കുമ്പോൾ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കുറ്റങ്ങളും പിഴവുകളും മതതീവ്രവാദങ്ങളുമില്ലാത്ത രാജ്യത്തെ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യ നിലനിൽക്കാൻ കേരളത്തിലെ ലീഗ് മാതൃകയാകണമെന്നും ഖാദർ മൊയ്തീൻ ആവശ്യപ്പെട്ടു.ബാബരി മസ്ജിദ് തകർച്ചയുടെ കാലത്തുപോലും കേരളം കാത്തുസൂക്ഷിച്ച സൗഹാർദത്തിന്റെ പാളംതെറ്റാതെ സൂക്ഷിക്കണമെന്ന് മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അരിയും മലരും കുന്തിരിക്കവും കരുതിക്കോളൂ എന്ന മുദ്രാവാക്യമുയർത്തുന്നവർ സൗഹൃദാന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. ഉത്തരേന്ത്യയിൽ ബുൾഡോസറുകൾ ഇറക്കി ജനത്തെ വിഭജിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ ഇടതുസർക്കാർ സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ എം.കെ. മുനീർ, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, കെ.പി.എ മജീദ്, ലീഗ് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങൾ, കെ.എം. ഷാജി, അബ്ദുറഹ്മാൻ രണ്ടത്താണി, പി.എം.എ സലാം, എം.സി. മായിൻ ഹാജി, അഡ്വ. നൂർബിന റഷീദ്, കെ.പി. മറിയുമ്മ, പി.കെ. ഫിറോസ്, എം.എ റസാഖ് മാസ്റ്റർ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.