വിശിഷ്ട രാവ്
text_fieldsപരിശുദ്ധ റമദാനിൽ ഏറ്റവും ശ്രേഷ്ഠമായി കരുതപ്പെടുന്ന രാവിനെ ‘ലൈലത്തുൽ ഖദ്ർ’ എന്ന് വിളിക്കുന്നു. ശ്രേഷ്ഠതയുടെ രാവ് എന്നും വിധിനിർണയത്തിെൻറ രാവ് എന്നും അതിന് വിവക്ഷയുണ്ട്. പ്രസ്തുത രാവിലാണ് വിശുദ്ധ ഖുർആെൻറ അവതരണം തുടങ്ങിവെച്ചത്. മുഹമ്മദ് നബിയുടെ ദിവ്യവെളിച്ചത്തിെൻറ പ്രസരണത്തിന് അങ്ങനെ ആരംഭം കുറിച്ചു. വിശുദ്ധ ഖുർആൻതന്നെ ആ രാത്രിയുടെ മഹത്ത്വം വിളംബരം ചെയ്തിട്ടുണ്ട്. ‘ലൈലത്തുൽ ഖദ്ർ, ആയിരം മാസങ്ങെളക്കാൾ ഉത്തമമാണ്. അന്ന് അല്ലാഹുവിെൻറ അനുമതിയോടെ ജിബ്രീലും മാലാഖമാരും എല്ലാ ഉത്തരവുകളുമായി ഭൂമിയിലേക്കിറങ്ങിവരും. പ്രഭാതോദയം വരെ അന്ന് സമാധാന നിർഭരമായിരിക്കും’ (വിശുദ്ധ ഖുർആൻ).
ആയിരം മാസങ്ങെളക്കാൾ ഉത്തമമായ രാവ് എന്നുപറയുമ്പോൾ 83 വർഷവും നാലു മാസവും. അഥവാ, ഒരു പുരുഷായുസ്സ് മുഴുവൻ സൽകർമങ്ങൾ അനുഷ്ഠിക്കുന്നതിെനക്കാൾ പുണ്യം ആ ഒരൊറ്റ രാവിലെ കർമങ്ങളിലൂടെ നേടിയെടുക്കാൻ സാധിക്കുമെന്നർഥം. പ്രവാചകൻ പറഞ്ഞു: ലൈലത്തുൽ ഖദ്റിൽ വിശ്വാസത്തോടും പ്രതിഫലകാംക്ഷയോടും കൂടി നമസ്കാരത്തിൽ മുഴുകുന്നവരുടെ മുൻകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും (ബുഖാരി). അതുകൊണ്ടുതന്നെ, നിർഭാഗ്യവാന്മാരാണ് ഇത്രയും വലിയൊരവസരം പാഴാക്കുന്നവർ.
വിശ്വാസികളെ പ്രതീക്ഷയിൽ നിലനിർത്തുക എന്നത് പ്രവാചകൻ സ്വീകരിച്ച നയമാണ്. ദൈവത്തിെൻറ കാരുണ്യത്തിൽ ഒരിക്കലും നിരാശരാവരുത് എന്നത് ഖുർആെൻറ ശാസനയുമാണ്. അതിനാൽ വീഴ്ചകൾ വരുത്തിയതും പാപം ചെയ്തവരുമായ വിശ്വാസികളോട് വീണ്ടും വീണ്ടും ദൈവികപാതയിലേക്ക് തിരിച്ചുവരാനുള്ള ആഹ്വാനമാണ് ഇസ്ലാം നൽകുന്നത്. ചില മാസങ്ങൾക്കും ദിവസങ്ങൾക്കും സമയങ്ങൾക്കുമെല്ലാം സവിശേഷ പ്രാധാന്യം കൽപിച്ച് അവ ഉപയോഗപ്പെടുത്തി പാപമോചനം നേടാനും പുണ്യങ്ങൾ കരസ്ഥമാക്കാനുമുള്ള അവസരങ്ങൾ ഒരുക്കുന്നത് അതുകൊണ്ടാണ്. റമദാൻ മാസം അതിൽ പുണ്യമാസമാണ്. അറഫാ ദിനം, മുഹർറം ഒമ്പത്, 10, വെള്ളിയാഴ്ചയിലെ പ്രത്യേക സമയം, പാതിരാത്രി ഇങ്ങനെയുള്ള സമയങ്ങളും ദിനങ്ങളും പ്രയോജനപ്പെടുത്തി വിശുദ്ധിയാർജിക്കാൻ വിശ്വാസികൾക്ക് അവസരമൊരുക്കിയിരിക്കുന്നു. ഏതെങ്കിലുമൊരു നിശ്ചിതരാവിൽ മാത്രം ആരാധനാനിമഗ്നനായി ഈ പുണ്യമാകെ നേടിയെടുക്കാമെന്ന് വ്യാമോഹിക്കേണ്ടതില്ല. റമദാനിലെ ഏത് രാവാണ് ലൈലത്തുൽ ഖദ്ർ എന്ന് നിർണയിക്കാതെ ഈ സന്ദർഭം പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്യുകയുമാണ് ചെയ്തിട്ടുള്ളത്. എല്ലാ സാധ്യതകളും വിശ്വാസികൾ ഉപയോഗപ്പെടുത്തട്ടെ എന്നാണ് അതിെൻറ താൽപര്യം. റമദാനിലെ അവസാനത്തെ പത്തുകളിലാണ് ലൈലത്തുൽ ഖദ്റെന്നും അവസാനത്തെ ഏഴ് രാവുകളിലാണെന്നും അവസാനത്തെ പത്തിലെ ഒറ്റ രാവുകളിലാണെന്നുമൊക്കെ പ്രവാചകൻ സൂചിപ്പിക്കുകയുമുണ്ടായി. ‘ലൈലത്തുൽ ഖദ്ർ’ ഏത് രാവിലാണെന്ന് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ഹാഫിസ് ഇബ്നുഹജർ തെൻറ ഫത്ഹുൽ ബാരി എന്ന വിഖ്യാത ഗ്രന്ഥത്തിൽ 46 ഭിന്നാഭിപ്രായങ്ങൾ ഇവ്വിഷയകമായി ഉദ്ധരിച്ചിട്ടുണ്ട്.
റമദാൻ 27ാം രാവാണ് ‘ലൈലത്തുൽ ഖദ്ർ’ എന്ന വിശ്വാസം പൊതുവെ മുസ്ലിം സമൂഹത്തിൽ പ്രചരിച്ചിട്ടുണ്ട്. ഉബയ്യുബ്നു കഅ്ബ്, ഇബ്നു അബ്ബാസ് എന്നീ പ്രവാചകശിഷ്യന്മാർ അപ്രകാരം ശക്തിയായി അഭിപ്രായപ്പെട്ടവരാണ്. എന്നാൽ, നബിയിൽനിന്ന് പ്രബലമായ ഹദീസുകളൊന്നും ഇത് ഉറപ്പിക്കുന്ന രീതിയിൽ വന്നിട്ടില്ല. ലൈലത്തുൽ ഖദ്റിെൻറ പുണ്യം നേടാൻ പ്രവാചകൻ പഠിപ്പിച്ചത് ആരാധനകളും പ്രാർഥനകളും സൽകർമങ്ങളും വർധിപ്പിക്കാനാണ്. നിർബന്ധ കർമങ്ങൾ പരസ്യവും സംഘടിതവുമായി നിർവഹിക്കാൻ താൽപര്യപ്പെടുന്ന ഇസ്ലാം ഐച്ഛിക കർമങ്ങൾ സ്വകാര്യമായും വ്യക്തിപരമായും നിർവഹിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിനാൽ നബിയോ അനുചരന്മാരോ ലൈലത്തുൽ ഖദ്ർ ഒരാഘോഷമായി കൊണ്ടാടുകയോ സംഘടിതമായ ആരാധനാനുഷ്ഠാനങ്ങൾക്ക് അന്ന് പ്രത്യേകത കൽപിക്കുകയോ ചെയ്തിരുന്നില്ല. അത്തരം ആചാരങ്ങളെല്ലാം പിൽക്കാലത്ത് സമുദായത്തിലേക്ക് നുഴഞ്ഞുകയറിയതാണ്. ഇത്തരം ആചാരങ്ങൾ നാൾക്കുനാൾ വികാസം പ്രാപിക്കുന്നതാണ് നാം കാണുന്നത്. യഥാർഥത്തിൽ അത്തരം നൂതനാചാരങ്ങൾ വർജിക്കാനാണ് പ്രവാചകൻ അനുശാസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.