സ്പെഷൽ പോസ്റ്റൽ വോട്ട് നടപടിക്രമം ഇങ്ങനെ
text_fieldsതിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫിസർമാരും മുനിസിപ്പൽ, കോർപറേഷൻ തലങ്ങളിൽ അതതു റിട്ടേണിങ് ഓഫിസർമാരുമാണ് സ്പെഷൽ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യുന്നത്. ചുമതലപ്പെടുത്തിയിട്ടുള്ള സ്പെഷൽ പോളിങ് ഓഫിസർ ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസറിൽനിന്ന് സ്പെഷൽ ബാലറ്റ് പേപ്പറുകൾ, അനുബന്ധ രേഖകൾ, പി.പി.ഇ കിറ്റ് എന്നിവ കൈപ്പറ്റും. തുടർന്ന് റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ സ്പെഷൽ പോളിങ് ഓഫിസറെ സഹായിക്കാൻ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനിൽനിന്ന് സ്പെഷൽ വോട്ടറുടെ താമസസ്ഥലം ചോദിച്ചറിയും.
വോട്ടറുടെ വീട്ടിലെത്തിയാൽ തിരിച്ചറിയൽ രേഖ പരിശോധിച്ച് ഉറപ്പാക്കും. തിരിച്ചറിയൽ രേഖയുടെ നമ്പർ, ബാലറ്റ് നൽകുന്ന സമയം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തും. ഇതിനുശേഷം വോട്ടർക്ക് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തേണ്ട രീതി വിവരിച്ചുനൽകും. തുടർന്ന് ഫോറം 19 ബിയിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി സ്പെഷൽ വോട്ടറുടെ ഒപ്പ് വാങ്ങും.
രജിസ്റ്റർ, 18ാം നമ്പർ കവർ, ഫോം നമ്പർ 16 എന്നിവയിൽ ബാലറ്റ് പേപ്പറിലെ ക്രമ നമ്പർ രേഖപ്പെടുത്തിയശേഷം കൗണ്ടർ ഫോയിലിൽനിന്ന് ബാലറ്റ് പേപ്പർ വേർപെടുത്തി സ്പെഷൽ വോട്ടർക്ക് നൽകും. വോട്ട് രേഖപ്പെടുത്തിയശേഷം 18ാം നമ്പർ കവറിലിട്ട് ഒട്ടിച്ചുനൽകണം. ഫോറം നമ്പർ 16 വോട്ടറെക്കൊണ്ട് ഒപ്പു രേഖപ്പെടുത്തി തിരികെവാങ്ങും. ഇത് സ്പെഷൽ പോളിങ് ഓഫിസർ സർട്ടിഫൈ ചെയ്യും. ഇതു രണ്ടുംകൂടി 19ാം നമ്പർ വലിയ കവറിലിട്ട് ഇതിന് മുകലിലും വോട്ടറെക്കൊണ്ട് ഒപ്പ് രേഖപ്പെടുത്തിക്കും. വനിത വോട്ടറാണെങ്കിൽ ഈ കവറിന് പുറത്തുള്ള വൃത്തത്തിൽ ഡബ്ല്യൂ എന്ന് രേഖപ്പെടുത്തണം.
ബാലറ്റ് പേപ്പർ തിരികെ നൽകുകയാണെങ്കിൽ സ്പെഷൽ പോളിങ് ഓഫിസർ വോട്ടർക്ക് അക്നോളഡ്ജ്മെൻറ് നൽകും. എസ്.പി.ഒയുടെ കൈവശം നൽകാൻ വിസ്സമ്മതിച്ചാൽ അക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പ് വാങ്ങുകയും ചെയ്യും.
പി.പി.ഇ കിറ്റ് അടക്കം 18 ഇനം സാധനങ്ങൾ
തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും സ്പെഷൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകുന്നത് പി.പി.ഇ കിറ്റ് അടക്കം 18 ഇനം സാധനങ്ങൾ.
പി.പി.ഇ കിറ്റ് ധരിച്ചാകും സ്പെഷൽ പോളിങ് ഓഫിസർ വോട്ടർക്ക് സ്പെഷൽ പോസ്റ്റൽ ബാലറ്റ് നൽകുന്നത്. സ്പെഷൽ ബാലറ്റ് പേപ്പർ, വോട്ടറുടെ പ്രഖ്യാപനം രേഖപ്പെടുത്തുന്ന ഫോം 16, വോട്ടർക്കുള്ള നിർദേശങ്ങളടങ്ങിയ ഫോം 17, ബാലറ്റ് പേപ്പർ ഇടുന്നതിനുള്ള ചെറിയ കവർ (ഫോം 18), ഈ കവറും ഫോം 16ഉം ഇടുന്നതിനുള്ള വലിയ കവർ, സ്പെഷൽ വോട്ടറുടെ അപേക്ഷക്കുള്ള ഫോം 19 ബി, ഡബിൾ പായ്ക്ക് ചെയ്യാനുള്ള വലിയ കവർ, പേന, പശ, വെള്ള പേപ്പറുകൾ, സ്പെഷൽ വോട്ടറുടെ വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള ഇങ്ക് പാഡ്, ബാലറ്റ് നൽകിയ വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ, കൈയുറകൾ, മാസ്ക്, സാനിറ്റൈസർ, പി.പി.ഇ കിറ്റ്, ബാലറ്റ് പേപ്പറിെൻറ കൗണ്ടർ ഫോയിൽ സൂക്ഷിക്കുന്നതിനുള്ള കവർ, ഫയൽ ബോർഡ് എന്നിവയാണ് സ്പെഷൽ പോളിങ് ഓഫിസർക്ക് നൽകുന്നത്.
വോട്ട് രേഖപ്പെടുത്തിയ കവറുകൾ തിരികെ നിക്ഷേപിക്കുന്നതിന് ബ്ലോക്ക് ഓഫിസുകളിൽ പെട്ടി വെക്കും. വോട്ട് രേഖപ്പെടുത്തി ബാലറ്റ് ഓഫിസറുടെ കൈയിൽ നേരിട്ടുനൽകിയാൽ പെട്ടിയിൽ നിക്ഷേപിക്കും. തപാൽ മുഖേനയും ബാലറ്റ് സമ്മതിദായകന് അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.