റേഷൻ കടകളിലെത്തിയത് ഗോഡൗൺ തൂത്തുവാരിയ ‘സ്പെഷൽ’ അരി; റേഷൻ വാങ്ങുന്ന പൊതുജനം കഴുതയോ?
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നീല, വെള്ള കാർഡ് ഉപഭോക്താക്കൾക്കായി റേഷൻ കടകളിലെത്തിച്ച ‘സ്പെഷൽ’ അരി ദുർഗന്ധവും മണ്ണും പ്രാണികളും നിറഞ്ഞത്. മൂന്നുവർഷംവരെ പഴക്കമുള്ള അരിയാണ് ഗോഡൗണിൽനിന്ന് തൂത്തുവാരി തുന്നിക്കെട്ടി റേഷൻ ഇൻസ്പെക്ടർമാരുടെയും ക്വാളിറ്റി കൺട്രോളർമാരുടെയും പരിശോധനക്കുശേഷം വിവിധ കടകളിലെത്തിച്ചത്. വിതരണത്തിെനത്തിയ ഗോതമ്പിെൻറയും ഗതി ഇതുതന്നെ. എഫ്.സി.ഐയുടെ സീലില്ലാത്ത ചാക്കുകൾ വാതിൽപ്പടി വിതരണം നടത്തിയതിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
കടകളിലെത്തിച്ച മോശം അരിയും ഗോതമ്പും അടിയന്തരമായി നീക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.നീല, വെള്ള കാർഡുകാർക്കുള്ള റേഷൻ വിഹിതം കുറവായതിനാലാണ് ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ ഇവർക്കായി മേയ്, ജൂൺ മാസങ്ങളിൽ കിലോക്ക് 15 രൂപ നിരക്കിൽ 10 കിലോ സ്പെഷൽ അരി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ 22 രൂപക്ക് നൽകിയ അരിയാണ് 15 രൂപ നിരക്കിൽ റേഷൻ കടകൾ വഴി വിതരണം ചെയ്തത്.
എന്നാൽ, സംസ്ഥാനത്തെ പല ഗോഡൗണിൽനിന്നും എത്തിയ അരിച്ചാക്കുകൾ എഫ്.സി.ഐയുടെ സീൽ ഇല്ലാത്തവയായിരുന്നു. പല ചാക്കിലും ചാക്കരിയും പച്ചരിയും കൂടിക്കുഴഞ്ഞ നിലയിലുമായിരുന്നു. എഫ്.സി.ഐ സീൽ ഇല്ലാത്ത ചാക്കുകൾ വിതരണം ചെയ്യാൻ പാടില്ലെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും അതെല്ലാം കാറ്റിൽപറത്തിയാണ് ഉദ്യോഗസ്ഥർ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്നത്. ചില കടകളിലെത്തിയ ലോഡുകൾ വ്യാപാരികൾ തിരിച്ചയച്ചു. ഇറക്കാൻ സമ്മതിക്കാത്ത കടകളിൽ മാസാവസാനം മാത്രമേ സാധനങ്ങൾ നൽകൂവെന്നാണ് ഉദ്യോഗസ്ഥരുടെ ഭീഷണി.
ലോറി ഓണേഴ്സ് അസോസിയേഷനും സപ്ലൈകോയും തമ്മിലെ തർക്കത്തെതുടർന്ന് തെക്കൻ ജില്ലകളിലേക്കുള്ള റേഷൻ വിതരണം നിലച്ചതും ഭക്ഷ്യവകുപ്പിനെ പ്രതിസന്ധിയിലാക്കി. ഭൂരിഭാഗം കടകളിലും സ്പെഷൽ അരി എത്താത്ത സാഹചര്യത്തിൽ നിലവിൽ കടയിലുള്ള സ്റ്റോക്കിൽനിന്ന് വിതരണം ചെയ്യാൻ അനുമതി നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.