സ്പെഷൽ സ്കൂൾ കലോത്സവം; കോഴിക്കോടിന് ഓവറോൾ ചാമ്പ്യൻഷിപ്
text_fieldsകണ്ണൂർ: പൊതുസമൂഹത്തിന്റെ ശ്രദ്ധയും ചേർത്തുപിടിക്കലും ആവശ്യമായ പ്രത്യേക വിഭാഗം കുട്ടികളുടെ പരിമിതികൾക്ക് അപ്പുറത്തെ പ്രതിഭാ വിലാസങ്ങൾക്ക് പുതിയ ഭാവവും ഉൾക്കാഴ്ചയും നൽകിയ സ്പെഷൽ സ്കൂൾ സംസ്ഥാന കലോത്സവത്തിന് കണ്ണൂരിൽ തിരശ്ശീല വീണു. പരിമിതികൾക്കിടയിലും തങ്ങളും പ്രതിഭയുടെ കാര്യത്തിൽ ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചാണ് മൂന്നു ദിവസങ്ങളിലായി കണ്ണൂരിൽ നടന്ന കലോത്സവം സമാപിച്ചത്. സ്പെഷൽ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ 588 പോയന്റ് നേടി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 498 പോയന്റുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനം നേടിയപ്പോൾ 482 പോയന്റുമായി തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. കോട്ടയം (432), എറണാകുളം (396) എന്നീ ജില്ലകളാണ് തൊട്ടടുത്ത്.
കേൾവിശക്തിയില്ലാത്തവരുടെ വിഭാഗത്തിൽ അടൂർ മണക്കള സി.എസ്.ഐ എച്ച്.എസ്.എസ് ഫോർ ദ പാർഷ്യലി ഹിയറിങ്ങും എച്ച്.എസ്.എസ് ഫോർ ദ ഡഫ് അസീസി മൗണ്ട് നിർപറയും 100 വീതം പോയന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 98 വീതം പോയന്റുള്ള സെന്റ് ക്ലേയർ ഓറൽ സ്കൂൾ ഫോർ ദ ഡഫ്, സന്റ് റൊസെല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, കരുണ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ് കോഴിക്കോട് എന്നിവ രണ്ടാം സ്ഥാനവും പങ്കിട്ടു.
കാഴ്ച പരിമിതിയുള്ള കുട്ടികളുടെ വിഭാഗത്തിൽ 98 പോയന്റുള്ള കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ ഹാൻഡികാപ്ഡ് ജേതാക്കളായി. ഗവ. സ്കുൾ ഫോർദ ബ്ലൈൻഡ് ഒളസ്സ (98), ജി.എച്ച്.എസ്.എസ് മങ്കട (65) എന്നീ വിദ്യാലയങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും ഇടുക്കിയും 84 വീതം പോയന്റ് നേടി ഒന്നാം സ്ഥാനത്തിന് തുല്യ അവകാശികളായി. 82 വീതം പോയന്റുമായി ഏറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകൾ രണ്ടാം സ്ഥാനക്കാരായി. 78 പോയന്റുള്ള മലപ്പുറം ജില്ലക്കാണ് മൂന്നാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.