സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം: സ്വർണക്കപ്പ് കോട്ടയത്തിന്; തൃശൂരിന് രണ്ടാംസ്ഥാനം
text_fieldsകോട്ടയം: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി സ്വർണക്കപ്പിൽ മുത്തമിട്ടു. 491 പോയന്റോടെയാണ് കോട്ടയത്തിന്റെ നേട്ടം. തൃശൂർ ജില്ല 469 പോയന്റോടെ രണ്ടാംസ്ഥാനം നേടി.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ 37 പോയന്റോടെ തൃശൂർ ഓവറോൾ ചാമ്പ്യൻഷിപ് നേടി. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ 260 പോയന്റോടെ കോഴിക്കോടാണ് ഓവറോൾ ചാമ്പ്യൻമാർ. ഈ വിഭാഗത്തിൽ 100 പോയന്റോടെ പത്തനംതിട്ട മണക്കാല സി.എസ്.ഐ എച്ച്.എസ്.എസ് മികച്ച സ്കൂളായി. കാഴ്ചപരിമിതി നേരിടുന്നവരുടെ വിഭാഗത്തിൽ 238 പോയന്റോടെ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 96 പോയന്റ് നേടിയ ഒളശ്ശ സർക്കാർ അന്ധവിദ്യാലയം ഈ വിഭാഗത്തിൽ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
മന്ത്രി വി.എൻ. വാസവൻ ഓവറോൾ ചാമ്പ്യൻമാർക്കുള്ള സ്വർണ്ണക്കപ്പും ട്രോഫികളും വിതരണം ചെയ്തു. മികച്ച സ്കൂളുകൾക്കുള്ള ട്രോഫികൾ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നൽകി. സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസിലായിരുന്നു വേദികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.