ഓഫിസുകളിൽ പരിശോധന നടത്താൻ റവന്യൂ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ്
text_fieldsകൊച്ചി: നിയമലംഘനങ്ങൾ കണ്ടെത്താൻ ഓഫിസുകളിൽ പരിശോധന കർശനമാക്കാൻ റവന്യൂവകുപ്പ് തീരുമാനം. സംസ്ഥാനത്ത് റവന്യൂ വകുപ്പിന് കീഴിലെ വിവിധ ഓഫിസുകൾ കേന്ദ്രീകരിച്ച് നിയമലംഘനങ്ങളും വഴിവിട്ട പ്രവർത്തനങ്ങളും നടക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും മുഴുവൻ റവന്യൂ ഓഫിസുകളിലും പരിശോധന നടത്താനും ഫയലുകളും രജിസ്റ്ററുകളും പരിശോധിക്കാനുമാണ് സർക്കാർ നിർദേശം. ഇതിനായി വകുപ്പിലെ സ്പെഷൽ സെക്രട്ടറി /അഡീഷനൽ സെക്രട്ടറി/ ജോയന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. സ്ക്വാഡിൽ അണ്ടർ സെക്രട്ടറിയും സെക്ഷൻ ഓഫിസർമാരും അസിസ്റ്റന്റുമാരും അംഗങ്ങളായിരിക്കും. സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുഴുവൻ സഹകരണങ്ങളും ഉറപ്പാക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാൾ ജില്ല കലക്ടർമാർക്ക് നിർദേശം നൽകി. പാലക്കാട് ജില്ലയിലെ പാലക്കയം വില്ലേജ് ഓഫിസിലെ ജീവനക്കാരനെതിരായ വിജിലൻസ് നടപടികളുടെ പശ്ചാത്തലത്തിൽ ജൂൺ അഞ്ചിന് റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പരിശോധനകളിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഓഫിസുകളിലെ അഴിമതിയും നിയമലംഘനങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കുന്നതിനുവേണ്ടി ജൂൺ ഒമ്പത് മുതൽ ടോൾ ഫ്രീ നമ്പർ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ അവരുടെ പേരും വിലാസവും കൈമാറാതെ 1800 425 5255 നമ്പറിൽ അറിയിക്കാനുള്ള സൗകര്യമാണ് വകുപ്പ് ഏർപ്പെടുത്തിയത്. ഇതിലേക്ക് വന്ന പരാതികളുടെ അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ഇതിന് ശേഷവും വിവിധ ജില്ലകളിൽനിന്ന് ഓഫിസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന കർക്കശമാക്കാനുളള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.