പ്രവാസി പെൻഷൻ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘം
text_fieldsതിരുവനന്തപുരം: പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. കന്‍റോൺമെന്‍റ് പൊലീസ് അന്വേഷിച്ചുവന്ന കേസാണ് തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമായതിനെ തുടർന്ന് പ്രത്യേക സംഘത്തിന് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു കൈമാറിയത്. തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക.
പ്രവാസികളുടെ മുടങ്ങിക്കിടന്ന പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയും പ്രവാസികളല്ലാത്തവരെ വ്യാജ രേഖകളുണ്ടാക്കി പദ്ധതിയിൽ തിരുകിക്കയറ്റിയുമുള്ള തട്ടിപ്പാണ് നടന്നത്.
99 അക്കൗണ്ടുകളിൽ തിരുത്തൽ വരുത്തിയെന്നാണ് കന്‍റോൺമെന്‍റ് പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ പ്രവാസി ക്ഷേമനിധി ബോർഡിലെ താൽക്കാലിക ജീവനക്കാരി ലിനയും ഏജൻറ് ശോഭയും മാത്രമാണ് ഇതുവരെ പിടിയിലായത്.
ഇരുവർക്കും മാത്രമായി ഈ തട്ടിപ്പ് നടത്താനാകില്ലെന്നാണ് അനുമാനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഒരുമാസത്തെ പരിശോധനയിൽ മാത്രം പുറത്തുവന്നത് 70 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ്. വിദേശത്ത് വിസിറ്റിങ് വിസയിൽ പോയതിന്‍റെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. രണ്ടാം പ്രതിയായ ശോഭയുടെ പേരിൽ വ്യാജ പെൻഷൻ അക്കൗണ്ടുണ്ടാക്കിയതായും കണ്ടെത്തി. മുടങ്ങിക്കിടന്ന അക്കൗണ്ടുകള്‍ പുതുക്കാൻ പലിശ സഹിതം നൽകിയ തുകയും പ്രതികള്‍ തട്ടിയെടുത്തു. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പായതിനാൽ പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയിട്ടും കേസെടുക്കാൻ വൈകി. വാർത്തകൾ പുറത്തുവന്നതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.