കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പ്രത്യേക അന്തർധാര -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: കേരളത്തിൽ യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പ്രത്യേക അന്തർധാര നിലനിൽക്കുന്നു എന്നതാണ് കുറേ കാലമായുള്ള നമ്മുടെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം കോൺഗ്രസും യു.ഡി.എഫും പരിശോധിക്കണം. കേരളവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിലും കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനമുന്നയിക്കുന്നില്ല. കേരളത്തിന് ലഭിക്കാനുള്ള തുകയെക്കുറിച്ച് കോൺഗ്രസ് എം.പിമാരുടെ ശബ്ദം ബി.ജെ.പിക്കെതിരെ ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബേപ്പൂർ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം, സംസ്ഥാനം, പ്രാദേശിക ഭരണകൂടം എന്നിവർ ഒന്നിച്ച് പ്രവർത്തിച്ചാലാണ് രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകുക. എന്നാൽ, ഒരു വർഷം 57,000 കോടി രൂപയുടെ കുറവാണ് കേന്ദ്രം വരുത്തിയത്. ഇത് ഒരു സംസ്ഥാനത്തിനും താങ്ങാനാകാത്ത സ്ഥിതിവിശേഷമാണ്.
എയിംസ് അടക്കമുള്ള കേരളത്തിന്റെ ന്യായമായ ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. ഇത് ക്രൂരമായ അവഗണനയുടെ ഭാഗമാണ്. നവകേരള സദസ്സിനെ ബഹിഷ്കരിച്ച പ്രതിപക്ഷം ഇപ്പോൾ ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. നവകേരള സദസ്സിനെ അശ്ലീല സദസ്സ് എന്ന് എങ്ങനെയാണ് സംസ്കാര സമ്പന്നനായ ഒരാൾക്ക് പറയാനാകുക എന്നും അദ്ദേഹം ചോദിച്ചു. കേരളീയം പരിപാടി, ലോക കേരളസഭ എന്നിവയും പ്രതിപക്ഷം ബഹിഷ്കരിക്കുകയാണുണ്ടായത്. ലോക കേരളസഭ ബഹിഷ്കരിച്ചത് പ്രവാസികളെ അപമാനിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.