സമഗ്ര ശിക്ഷാ കേരളക്ക് മുന്നിൽ സമരം നടത്തുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകർ സമരം പിൻവലിക്കണമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : സമഗ്ര ശിക്ഷാ കേരളക്ക് മുന്നിൽ സമരം നടത്തുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകർ സമരം പിൻവലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. കല, കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം ആരംഭിച്ചത് 2016-17 കാലഘട്ടം മുതലാണ്. കേന്ദ്രവും സംസ്ഥാന സർക്കാരും ചേർന്നാണ് ഇവർക്ക് ഹോണറേറിയം നൽകി വരുന്നത്.
60:40 അനുപാതത്തിൽ നൽകിക്കൊണ്ടിരുന്ന തുക കേന്ദ്രഗവൺമെൻറ് വെട്ടിക്കുറയ്ക്കുകയും കേന്ദ്ര വിഹിതമായി 7000 രൂപയും ആഴ്ചയിൽ മൂന്ന് ദിവസത്തെ ജോലിയും ആക്കി നിശ്ചയിക്കുകയും ചെയ്തു. സംസ്ഥാന വിഹിതമായ 3000 രൂപ ഉൾപ്പെടെ 10,000 രൂപ ഇപ്പോൾ നൽകി വരികയാണ്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി രണ്ട് പ്രാവശ്യം സമരം നടത്തുന്നവരെ ചർച്ചയ്ക്ക് വിളിക്കുകയുണ്ടായി. ചർച്ചയിൽ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ എന്നിവരും പങ്കെടുത്തിരുന്നു.
കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചില്ലെങ്കിലും 10,000 രൂപ എന്നത് 12,000 രൂപയായി വർധിപ്പിക്കാമെന്നും, വർധനവ് 2022 സെപ്തംബർ മുതൽ പ്രാബല്യത്തിൽ വരുത്തി നാലു മാസത്തെ കുടിശ്ശികയും നൽകാമെന്നും മന്ത്രി ഉറപ്പുനൽകി. തൊട്ടടുത്തുള്ള ബി.ആർ.സി.കളിൽ പോസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളും അംഗീകരിക്കും. ഫുൾ ടൈം ആക്കുന്നതും അതിനനുസരിച്ചുളള ഹോണറേറിയം വർധിപ്പിക്കുന്നതും കേന്ദ്ര സർക്കാർ സഹായം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ എല്ലാ വിഷയങ്ങളും പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്താമെന്നും മന്ത്രി നിർദേശം വച്ചു. എന്നാൽ മന്ത്രി നൽകിയ ഉറപ്പ് അംഗീകരിച്ച് സമരം പിൻവലിക്കുന്നതിന് പകരം ഒരു വിഭാഗം വീണ്ടും സമരവുമായി മുന്നോട്ട് പോകുകയാണ്. ഈ സമരത്തിൽ നിന്നും സ്പെഷ്യലിസ്റ്റ് അധ്യാപകർ പിന്തിരിയണമെന്നും ഗവണ്മെന്റിന്റെ പരിമിതി മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.