നിറയെ അക്ഷരത്തെറ്റുകൾ; മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ തിരിച്ചുവിളിച്ച് ഡി.ജി.പി
text_fieldsതിരുവനന്തപുരം: സർക്കാറിനും ആഭ്യന്തരവകുപ്പിനും നാണക്കേടായി കേരളപ്പിറവി ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റുകൾ. അച്ചടിപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി വിതരണംചെയ്ത മെഡലുകൾ തിരിച്ചുവാങ്ങാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു.
‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ’ എന്നതിന് പകരം ‘മുഖ്യമന്ത്രിയുടെ പോലസ് മെഡൽ’ എന്നാണ് ഭൂരിഭാഗം മെഡലുകളിലും അച്ചടിച്ചിരുന്നത്. അക്ഷരത്തെറ്റുകൾ അടങ്ങിയ മെഡലിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ടെൻഡറെടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകൾ നൽകാൻ ഡി.ജി.പി ആവശ്യപ്പെട്ടു. മെഡലുകള്‍ പിന്‍വലിച്ച് പുതിയ മെഡലുകൾ ഓരോ യൂനിറ്റ് വഴിയും വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി 264 ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തത്.
അതേസമയം പൊലീസ് ആസ്ഥാനത്തെ ഉന്നതർക്ക് സംഭവത്തിൽ വീഴ്ചയുണ്ടായി എന്ന വിമർശനം ശക്തമാണ്. ഓഗസ്റ്റ് 15നാണ് മുഖ്യമന്ത്രി മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. നവംബര്‍ ഒന്നിന് മെഡലുകള്‍ വിതരണം ചെയ്യുമെന്നിരിക്കെ കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇവ സ്ഥാപനത്തിന് ക്വട്ടേഷൻ നൽകിയത്. സ്ഥാപനം നൽകിയ മെഡലുകളൊന്നും പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.