എസ്.പി.ജി മേധാവി അരുൺകുമാർ സിൻഹ നിര്യാതനായി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് സുരക്ഷയൊരുക്കുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് (എസ്.പി.ജി) ഡയറക്ടർ അരുൺകുമാർ സിൻഹ (61) ഗുരുഗ്രാമിലെ ആശുപത്രിയിൽ നിര്യാതനായി. ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം. അർബുദബാധിതനായിരുന്നു. ’87 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇപ്പോഴുള്ള പദവിയിൽ മേയ് 31വരെ തുടരാമായിരുന്നു. 2016ലാണ് എസ്.പി.ജി മേധാവിയായത്. തിരുവനന്തപുരത്ത് കമീഷണർ, റേഞ്ച് ഐ.ജി, ഇന്റലിജൻസ് ഐ.ജി, അഡ്മിനിസ്ട്രേഷൻ ഐ.ജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ഝാർഖണ്ഡിലെ ഹസാരിബാഗ് സ്വദേശിയാണ്. വയനാട് മാനന്തവാടിയിൽ എ.എസ്.പിയായാണ് കരിയർ തുടങ്ങിയത്. 2009-2014 കാലത്ത് ബി.എസ്.എഫിന്റെ ഗുജറാത്ത് മേഖല ഐ.ജിയായിരുന്നു. ആ കാലത്ത് നരേന്ദ്ര മോദിയുമായുള്ള പരിചയമാണ് എസ്.പി.ജിയിലേക്കുള്ള വഴിതുറക്കാൻ കാരണമായത്. 2014ൽ കേരളത്തിൽ തിരിച്ചെത്തി എ.ഡി.ജി.പിയായി. പിന്നീടാണ് എസ്.പി.ജി മേധാവിയാകുന്നത്. നിരവധി പ്രധാന ചുമതലകൾ വഹിച്ചിരുന്നെങ്കിലും പൊലീസിലെ നിശ്ശബ്ദ സാന്നിധ്യമായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
കാര്യക്ഷമതയോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥനെന്ന് പ്രതിപക്ഷ നേതാവ്
അരുൺകുമാർ സിൻഹയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. കേരള പൊലീസിൽ സുപ്രധാന പദവികളിലൊക്കെ കാര്യക്ഷമതയോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹ. ക്രമസമാധാന പാലനത്തിൽ ഉൾപ്പെടെ അദ്ദേഹം മാതൃകാപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.