സ്‌പൈസ് ജെറ്റിന്റെ തിങ്കളാഴ്ചയിലെ ദുബൈ സർവീസും തടസ്സപ്പെട്ടു; കമ്പനിയിലെ പ്രശ്‌നങ്ങളിൽ ബലിയാടാകുന്നത് യാത്രക്കാർ
text_fieldsകൊണ്ടോട്ടി: സ്‌പൈസ് ജെറ്റിന്റെ തിങ്കളാഴ്ചയിലെ സർവീസും തടസ്സപ്പെട്ടു. ഞായറാഴ്ച മുതല്‍ സ്‌പൈസ് ജെറ്റിന്റെ ദുബൈ-കോഴിക്കോട്, കോഴിക്കോട്-ദുബൈ സർവീസുകള്‍ താളം തെറ്റുന്നതിന്‍റെ ബാക്കിയാണിത്. തിങ്കളാഴ്ച രാത്രി 11.50നുള്ള വിമാനം ചൊവ്വാഴ്ച രാവിലെ 5.30നായിരിക്കും പുറപ്പെടുക എന്ന് കമ്പനി അറിയിച്ചു. ഞായറാഴ്ച ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള സർവീസ് വൈകിയതോടെയാണ് തുടര്‍ന്നുള്ള സർവീസുകളും താളം തെറ്റുന്നത്.
ദുബൈയില്‍ നിന്ന് വൈകുന്നേരം 5.30ന് കരിപ്പൂരിലെത്തുന്ന വിമാനമാണ് രാത്രി 11.50ന് തിരിച്ചു പോകുന്നത്. ഞായറാഴ്ച വൈകുന്നേരം എത്തേണ്ട വിമാനം 20 മണിക്കൂര്‍ വൈകി തിങ്കളാഴ്ച ഉച്ചക്ക് 1.40നാണ് കരിപ്പൂരിലെത്തിയത്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടവരടക്കമുള്ള യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തടസ്സമുണ്ടെന്ന് മാത്രം പറഞ്ഞ് സർവീസ് മണിക്കൂറുകളോളം വൈകിപ്പിക്കുന്ന വിമാന കമ്പനി അധികൃതരുടെ നിരുത്തരവാദ സമീപനത്തിനെതിരെ ദുബൈ വിമാനത്താവളത്തിലും യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.
ദുബൈയില്‍നിന്ന് വിമാനമെത്താന്‍ വൈകിയതാണ് ഞായറാഴ്ചയും തിങ്കളാഴ്ചയുമുള്ള തുടര്‍ സർവീസുകൾ മണിക്കൂറുകളോളം വൈകിപ്പിച്ചത്. ബദല്‍ സർവീസ് ഏര്‍പ്പെടുത്താന്‍ കമ്പനി തയാറാകാതിരിക്കുമ്പോള്‍ സർവീസിലെ ഈ താളപ്പിഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് വിവരം. സ്‌പൈസ് ജെറ്റ് കമ്പനി അധികൃതരും ജീവനക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സർവീസുകളെ ബാധിക്കുന്നതെന്നും ആരോപണമുണ്ട്. വ്യക്തമായ കാരണം പറയാതെ സർവീസുകള്‍ വൈകുകയും മുടങ്ങുകയും ചെയ്യുമ്പോള്‍ നിരവധി പ്രവാസികളുടെ ജോലിയും ചികിത്സയുമെല്ലാം ആശങ്കയിലാകുന്ന അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.