സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വര്‍ധന; ഏലവും വെളുത്തുള്ളിയും മുന്നിൽ
text_fieldsകൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ ആറുമാസത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ കുതിച്ചുചാട്ടം. മുന്‍വര്‍ഷത്തേക്കാള്‍ 24 ശതമാനമാണ് വര്‍ധന. ഏപ്രില്‍ മുതല്‍ െസപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി 5,57,525 ടണ്ണാണ്. കഴിഞ്ഞ വര്‍ഷം 4,50,700 ടണ്ണായിരുന്നു. 8,850.53 കോടി രൂപയാണ്(1,373.97 ദശലക്ഷം ഡോളര്‍) ഇതിെൻറ മൂല്യം. കഴിഞ്ഞ വര്‍ഷം 8,700.15 കോടി രൂപയായിരുന്നു(1,299.96 ദശലക്ഷം ഡോളര്‍) കയറ്റുമതി വരുമാനം.
കയറ്റുമതി അളവില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍, രൂപയുടെ മൂല്യത്തില്‍ രണ്ട് ശതമാനവും ഡോളര്‍ മൂല്യത്തില്‍ ആറുശതമാനവും വളര്‍ച്ച കൈവരിച്ചു. സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഏറ്റവും കരുത്ത് കാട്ടിയത് ഏലവും വെളുത്തുള്ളിയുമാണ്. ജീരകം, അയമോദകം, കടുക്, ശതകുപ്പ, കസ്കസ്, കായം, പുളി എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും മികച്ച വര്‍ധനയുണ്ടായി.
മൂല്യവര്‍ധിത ഉൽപന്നങ്ങളായ കറി പൗഡര്‍, പുതിയിന ഉൽപന്നങ്ങള്, സുഗന്ധവ്യഞ്ജന എണ്ണ, സത്തുകള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയുണ്ട്. ചെറിയ ഏലത്തിെൻറ കയറ്റുമതി നടപ്പുവര്‍ഷത്തെ ആദ്യ പാദത്തില്‍ അളവില്‍ 37 ശതമാനവും മൂല്യത്തില്‍ 79 ശതമാനവുമാണ് വര്‍ധിച്ചത്. കയറ്റുമതി അളവ് 2,230 ടണ്ണും മൂല്യം 248.71 കോടി രൂപയുമാണ്. വെളുത്തുള്ളി കയറ്റുമതി അളവില്‍ 76 ശതമാനവും മൂല്യത്തില്‍ 48 ശതമാനവുമാണ് വര്‍ധന. 188.54 കോടി രൂപ മൂല്യമുള്ള 27,040 ടണ്‍ വെളുത്തുള്ളിയാണ് ആദ്യ ആറുമാസം കയറ്റുമതി ചെയ്തത്. വെളുത്തുള്ളി, ഏലം എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണുന്നതിെൻറ തെളിവാണ് ഇൗ വര്‍ധനയെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്മാന് എ. ജയതിലക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.