സ്പിരിറ്റ് മറിച്ചുവിറ്റ കേസ്: എക്സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും
text_fieldsതിരുവല്ല (പത്തനംതിട്ട): പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് മദ്യനിർമാണത്തിന് എത്തിയ സ്പിരിറ്റ് മറിച്ചുവിറ്റ കേസിൽ എക്സൈസ് ഉദ്യോഗസ്ഥരടക്കം പ്രതികളാകാൻ സാധ്യത. നിലവിലെ ഏഴുപേര്ക്കുപുറെമ സ്പിരിറ്റ് എത്തിക്കാന്‍ കരാറെടുത്ത ടോംസി, ടാങ്കര്‍ ലോറി ഉടമ ഷാജു, പുളിക്കീഴ് എക്സൈസ് സി.ഐ എന്നിവരും പ്രതിപ്പട്ടികയില്‍ ഉൾപ്പെടുമെന്നാണ് സൂചന.
സ്പിരിറ്റ് മോഷ്ടിച്ച സംഭവത്തില്‍ പങ്കില്ലെന്ന് കരാര്‍ കമ്പനി കൊച്ചിയിലെ കെ.ഇ.ടി എന്‍ജിനീയേഴ്സ് കമ്പനി ഉടമ ടോംസി, ടാങ്കര്‍ലോറി ഉടമ എന്നിവര്‍ ശനിയാഴ്ച പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ ഇന്‍സ്പെക്ടര്‍ ബിജു വി. നായരുടെ നേതൃത്വത്തില്‍ ഞായറാഴ്ചയും മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു.
സ്പിരിറ്റ് എത്തിക്കാന്‍ ആറുമാസത്തെ കരാറാണ് ടോംസി ഏറ്റെടുത്തത്. 1.15 ലക്ഷം സ്പിരിറ്റാണ് ഏറ്റവും ഒടുവിലത്തെ ലോഡില്‍ എത്തിക്കേണ്ടിയിരുന്നത്. 57 ലക്ഷം രൂപ ചെലവാക്കിയതായി കരാറെടുത്തവർ മൊഴി നൽകി. പൊലീസ് അറസ്റ്റ് ചെയ്ത ഡ്രൈവര്‍മാരായ നന്ദകുമാറും സിജോ തോമസും ഒന്നര വര്‍ഷം മുമ്പാണ് ജോലിക്ക് കയറിയത്. ആദ്യമായാണ് പൊതുമേഖല സ്ഥാപനത്തിെൻറ കരാര്‍ ഏറ്റെടുത്തതെന്നും അവര്‍ മൊഴി നല്കി. ക്രമക്കേട് കണ്ടെത്തിയ ടാങ്കറുകള്‍ കരാറുകാരും പൊലീസും ചേര്‍ന്ന് ശനിയാഴ്ച പരിശോധിച്ചിരുന്നു. ഇലക്ട്രോണിക് ലോക്കിങ് സംവിധാനത്തിലെ ഇരുമ്പുപൈപ്പ് മുറിച്ചുമാറ്റിയത് ആദ്യത്തെ സംഭവമാണെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മൂന്നുമുതല്‍ ആറുവരെ പ്രതികളായ ജനറല്‍ മാനേജര്‍ അലക്സ് പി. എബ്രഹാം, പേഴ്സനല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരെ കെ.എസ്.ബി.സി എം.ഡി യോഗേഷ് ഗുപ്ത സസ്പെന്‍ഡ് ചെയ്തു. ഒളിവിലുള്ള ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. എക്സൈസ് ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ തട്ടിപ്പ് നടത്താനാകില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തല്‍.
പുതിയ ജീവനക്കാര്‍ക്ക് ചുമതല നല്കി തിങ്കളാഴ്ച മുതല്‍ മദ്യനിർമാണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ബിവറേജസ് കോർപറേഷന്. അതിനിടെ, പ്രതിപ്പട്ടികയില്‍ ഇടം പിടിച്ച ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായും സൂചനകളുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താൻ ജില്ല പൊലീസ് മേധാവി നിശാന്തിനി തിങ്കളാഴ്ച തിരുവല്ലയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.