കോഴിക്കോട് -വയനാട് ദേശീയ പാതയിൽ സ്പിരിറ്റ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ചു
text_fieldsകോഴിക്കോട്: സ്പിരിറ്റ് കയറ്റിയ ടാങ്കർ ലോറിയുടെ ടയർ ഓടുന്നതിനിടെ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ കോഴിക്കോട് -വയനാട് ദേശീയ പാതയിൽ മാധ്യമം ഓഫീസിനു മുന്നിലാണ് സംഭവം.ശബ്ദം കേട്ട് സമീപവാസികൾ ഓടിക്കൂടി. സ്പിരിറ്റ് കയറ്റിയ ടാങ്കർ ലോറിയാണെന്നത് ആളുകളിൽ ആശങ്ക പരത്തി.
ആന്ധ്രയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന മൂന്ന് ടാങ്കറുകളിൽ ഒന്നിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ടാങ്കറിന്റെ പിറകിൽ ഇടതുവശത്ത് ഉള്ളിലായുള്ള ടയറാണ് കത്തിയത്. മൂഴിക്കലിൽ നിന്ന് കയറ്റം കയറുമ്പോൾ തന്നെ ടയർ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. തൊട്ടുപിറകെ വന്ന സ്കൂട്ടർ യാത്രികൻ ടാങ്കറിനെ മറികടന്ന് ഡ്രൈവറോട് വിവരം അറിയിച്ചതിനെ തുടർന്ന് ടാങ്കർ നിർത്തി. ഉടൻ ടയർ െപാട്ടിത്തെറിക്കുകയായിരുന്നു.
അഞ്ച് കമ്പാർട്ട്മെന്റുകളിലായി 30000 ലിറ്റർ സ്പിരിറ്റ് ആണ് ഒരു ടാങ്കറിൽ ഉണ്ടായിരുന്നത്. ടയർ കത്തിയത് സ്കൂട്ടർ യാത്രികന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെങ്കിൽ വൻ അപകടത്തിന് സാധ്യതയുണ്ടാകുമായിരുന്നെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.
കൺട്രോൾ റൂം പൊലീസും ചേവായൂർ പൊലീസും വെള്ളിമാട്കുന്ന് ഫയർ സ്റേറഷനിൽ നിന്ന് ഫയർമാൻ ബാബുരാജിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും ഉടൻ സ്ഥലത്തെത്തി തീയണക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
വാഹനത്തിൽ ടയർ മാറ്റിയിടുന്നതിനായവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് സമീപത്തെ വർക് ഷോപ്പിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ച് ടയർ മാറ്റിയിടാനുള്ള ശ്രമം നടക്കുകയാണ്. എക്സൈസ് വകുപ്പിന്റെ എസ്കോർട്ടോടു കൂടിയാണ് സ്പിരിറ്റ് കൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.