ആലപ്പുഴയിൽ ലീഗിൽ ഭിന്നത; ജില്ല സെക്രട്ടറിയെ പുറത്താക്കി
text_fieldsആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്തപരാജയത്തിന് പിന്നാലെ മുസ്ലിം ലീഗിൽ ഭിന്നത. ജില്ല സെക്രട്ടറിയെ പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിെച്ചന്ന് ആരോപിച്ച് ജില്ല സെക്രട്ടറി ബി.എ. ഗഫൂറിനെ സംസ്ഥാന കമ്മിറ്റിയാണ് പുറത്താക്കിയത്. തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സ്ഥാനാർഥികൾ പരാജയപ്പെട്ടതിന് പിന്നാലെ ചാനലിന് നൽകിയ അഭിമുഖത്തിെൻറ പേരിലാണ് നടപടി.
സ്ഥാനാർഥിനിർണയം അടക്കമുള്ള വിഷയങ്ങളിൽ ജില്ലനേതൃത്വത്തിെൻറ വീഴ്ച തുറന്നുപറഞ്ഞതിെൻറ പേരിൽ തൽസ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും സാധാരണപ്രവർത്തകനായി തുടരുമെന്ന് ബി.എ. ഗഫൂർ 'മാധ്യമ'ത്തോട് പറഞ്ഞു. ലീഗ് സ്ഥാനാർഥിയെ തോൽപിക്കാൻ രഹസ്യമായി പ്രവർത്തിെച്ചന്നതാണ് പ്രധാന ആരോപണം. ലീഗിന് സ്വാധീനമുള്ള ആലപ്പുഴ നഗരസഭയിലെ സക്കരിയ ബസാർ വാർഡിൽ ലീഗ് സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞതും അന്വേഷിക്കും.
ചരിത്രത്തിൽ ആദ്യമായാണ് ആലപ്പുഴ നഗരസഭയിൽ ലീഗ് വട്ടപ്പൂജ്യമാകുന്നത്. സിറ്റിങ് കൗൺസിലറടക്കം ആറുപേർ മത്സരിച്ചെങ്കിലും ഒരാൾപോലും വിജയിച്ചില്ല. പലയിടത്തും സ്ഥാനാർഥികൾ പിന്തള്ളപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയിൽ വൈസ് ചെയർമാൻ, സ്ഥിരം സമിതി ചെയർമാൻ തുടങ്ങിയ പദവികൾ ലീഗ് കൈകാര്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയെത്തിയ തെരഞ്ഞെടുപ്പിലാണ് കൂട്ടത്തോൽവി. ഇക്കുറി വിജയസാധ്യതയുള്ള പലരെയും ഒഴിവാക്കിയുള്ള സ്ഥാനാർഥി നിർണയം തിരിച്ചടിയായെന്ന് പാർട്ടിയിൽ ഒരുവിഭാഗം കരുതുന്നു. ചില പഞ്ചായത്തുകളിലും ലീഗിന് കനത്തപരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പുന്നപ്രയിൽ സിറ്റിങ് സീറ്റ് നഷ്ടമായി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാംവാർഡിൽ യു.ഡി.എഫിനെതിരെ ലീഗ് വിമതൻ മത്സരിച്ചിരുന്നു. അവിടെ സി.പി.ഐയാണ് വിജയിച്ചത്. ചെറിയനാട് പഞ്ചായത്തിലും വിജയക്കൊടി പാറിക്കാനായില്ല. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ ചാരുംമൂട് ഡിവിഷനിലെ സിറ്റിങ് സീറ്റും നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.