ഐ.എൻ.എൽ വഹാബ് വിഭാഗത്തിൽ പിളർപ്പ്; ആഗസ്റ്റ് 12ന് വിമതപക്ഷ യോഗം
text_fieldsതൃശൂർ: ഐ.എൻ.എല്ലിൽ അധികാരത്തർക്കത്തെ തുടർന്ന് ഭിന്നിച്ച് വിമതപക്ഷമായി മാറിയ എ.പി. അബ്ദുൽ വഹാബ് പക്ഷത്ത് വീണ്ടും ഭിന്നത. വഹാബ് പക്ഷവുമായി ഇനി സഹകരിക്കില്ലെന്ന് വ്യക്തമാക്കി ഒരുവിഭാഗം രംഗത്തെത്തി. സമാന ചിന്താഗതിക്കാരുമായി സഹകരിച്ച് ആഗസ്റ്റ് 12ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് വഹാബ് പക്ഷം വിട്ട നേതാക്കൾ തൃശൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കാസിം ഇരിക്കൂർ, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരടങ്ങുന്ന ഔദ്യോഗികപക്ഷം പാർട്ടിയെ ഹൈജാക്ക് ചെയ്തെന്ന ആക്ഷേപത്തിന് പിന്നാലെ പരസ്യവിമർശനവുമായി രംഗത്തെത്തിയാണ് എ.പി. അബ്ദുൽ വഹാബിന്റെയും നാസർകോയ തങ്ങളുടെയും നേതൃത്വത്തിൽ വിമതപക്ഷമായി പ്രവർത്തിച്ചുതുടങ്ങിയത്. ഇതിനിെട ചിഹ്നവും പേരും പതാകയുമടക്കമുള്ള അധികാരങ്ങളും കാസിം ഇരിക്കൂർ പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് കോടതി വ്യക്തമാക്കിയതോടെ ഇവർ പ്രതിസന്ധിയിലായെങ്കിലും എതിർചേരിയെന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു. ഇതിനിെടയാണ് വിമതപക്ഷത്തുതന്നെ വിള്ളൽ വീണിരിക്കുന്നത്.
തൃശൂർ ജില്ല കമ്മിറ്റി അടക്കമുള്ള ഘടകങ്ങൾ പൂർണമായും വഹാബ് പക്ഷത്തെ കൈയൊഴിഞ്ഞു. അണികളെ വഞ്ചിച്ചെന്നാണ് തൃശൂർ ജില്ല കമ്മിറ്റിയുടെയും സംസ്ഥാന നേതാക്കളുടെയും ആരോപണം. നാസർ കോയ തങ്ങൾക്കും എ.പി. അബ്ദുൽ വഹാബിനും ഐ.എൻ.എൽ പരിപാടികളിൽ പങ്കെടുക്കുന്നതിനും ചിഹ്നം ഉപയോഗിക്കുന്നതിനും വിലക്ക് വന്നതോടെ ആക്ടിങ് പ്രസിഡന്റായി കെ.പി. ഇസ്മായിലും ഓർഗനൈസിങ് സെക്രട്ടറിയായി എൻ.കെ. അബ്ദുൽ അസീസുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇവരുടെ ഇടയിലെ അധികാരത്തർക്കവും പടലപ്പിണക്കവുമാണ് വിമതപക്ഷത്തെതന്നെ പിളർപ്പിലേക്ക് എത്തിച്ചതെന്ന് വഹാബ് പക്ഷം വിട്ടവര്‍ ആരോപിക്കുന്നു.
അണികളെ തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് ജില്ലയില്‍നിന്നുള്ള നാലോ അഞ്ചോ പേര് ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങളാണ് വഹാബ് വിഭാഗം നടപ്പാക്കുന്നത്. നയങ്ങളും നിലപാടുകളുമില്ലാതെ മുന്നോട്ട് പോകുന്ന വഹാബ് വിഭാഗവുമായി സഹകരിച്ച് പോകാനാവാത്ത സ്ഥിതിയാണെന്ന് തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
വഹാബ് പക്ഷം വിട്ട എല്ലാവരെയും യോജിപ്പിച്ച് ആഗസ്റ്റ് 12ന് തിരുവനന്തപുരത്ത് യോഗം ചേരും. തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തിനൊപ്പം ചേർന്നുപ്രവർത്തിക്കണോ പുതിയൊരു പാര്‍ട്ടി രൂപവത്കരിക്കണോ എന്നതിലടക്കം തീരുമാനമെടുക്കുമെന്ന് ഐ.എന്‍.എൽ സംസ്ഥാന സെക്രട്ടറി സാലി സജീര്‍, ജില്ല പ്രസിഡന്റ് സാബു സുല്‍ത്താന്‍, ട്രഷറര്‍ മനോജ് ഹുസൈന്, ഷഫീര്‍ കുന്നത്തേരി, ഷിഫാ മോള് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.