മുന്നണി മാറ്റം: ആർ.ജെ.ഡിയിൽ ഭിന്നത
text_fieldsതൃശൂർ: സർക്കാറിലും ഇടതു മുന്നണിയിലും നേരിടുന്ന അവഗണനക്കെതിരെ അമർഷം പുകയുമ്പോഴും മുന്നണിമാറ്റ കാര്യത്തിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റിയിൽ ഭിന്നാഭിപ്രായം. ഇനിയും ഇങ്ങനെ തുടരേണ്ടതില്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ ഇപ്പോൾ മുന്നണി മാറിയാൽ പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് തൃശൂരിൽ ഞായറാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ മറ്റൊരു വിഭാഗം വാദിച്ചു. ഒടുവിൽ, മുന്നണി നേതൃത്വത്തിനും സർക്കാറിനും അൽപംകൂടി സാവകാശം നൽകാനും തുടർനടപടി പിന്നീട് ആലോചിക്കാനും തീരുമാനിച്ച് പിരിഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാറിന്‍റെ അധ്യക്ഷതയിൽ അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിലായിരുന്നു മുഴുവൻ ദിവസം നീണ്ട യോഗം.
പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുന്നണി നേതൃത്വത്തിന്‍റെ, പ്രത്യേകിച്ച് സി.പി.എമ്മിന്‍റെ സമീപനം ശരിയല്ലെന്നും യോജിച്ച നയപരിപാടികൾ മുന്നണിക്ക് ഇല്ലെന്നുമുള്ള അഭിപ്രായം എല്ലാവരും പ്രകടിപ്പിച്ചതായി ഭാരവാഹികളിൽ ഒരാൾ ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാറിന്‍റെ പല പരിപാടികളും പരാജയമാണ്. അധികാരത്തിന്‍റെ ഭാഗമാണെന്ന് പറയുകയും ഒരു അധികാരവും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആർ.ജെ.ഡി നേരിടുന്നത്.
ഈ ഘട്ടത്തിൽ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുന്നത് സംസ്ഥാനത്ത് വരാനിരിക്കുന്ന ഭരണമാറ്റം പ്രതീക്ഷിച്ചുള്ള ചാഞ്ചാട്ടമായി വ്യാഖ്യാനിക്കുമെന്നും അത് വിശ്വാസ്യതയെ ബാധിക്കുമെന്നും ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോടും മുന്നണി കൺവീനറോടും പ്രശ്നങ്ങൾ അവതരിപ്പിച്ചതാണ്. ഒരു ഫലവും ഉണ്ടായില്ലെങ്കിലും ഒരിക്കൽക്കൂടി ചർച്ച ചെയ്യണം. കാര്യങ്ങൾ നേരെയാകുമോ എന്ന് ഒരിക്കൽക്കൂടി നോക്കണം. ഇടതുമുന്നണി ജനതാദളിന്‍റെ കൂടി സൃഷ്ടിയാണ്. ആദ്യ കൺവീനർ എം.പി. വീരേന്ദ്രകുമാറായിരുന്നു. അതുകൊണ്ട് ചെറിയ സാവകാശം കൂടി കൊടുക്കാമെന്ന വാദം എതിർപ്പിനിടയിലും പൊതുവെ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് ജാതി സെൻസസ് എന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ യോഗം തീരുമാനിച്ചു. അടുത്ത മുന്നണി യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടാനും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.