എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കും - മന്ത്രി അബ്ദുറഹ്മാന്‍
text_fieldsകൽപറ്റ: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. പതിമൂന്നാമത് വയനാട് റവന്യു ജില്ല സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് മൈക്രോ ലെവല്‍ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പഞ്ചായത്തുകളെയും പ്രത്യേകം തെരഞ്ഞെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് ചുരുങ്ങിയത് ആറ് പരിശീലകരെ നിയമിക്കുമെന്നും പരിശീലനം ലഭ്യമാകാത്ത പഞ്ചായത്തുകളില്‍ കായിക വകുപ്പ് നേരിട്ട് പരിശീലകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ നിന്ന് കരുത്തുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇത് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കായിക രംഗത്ത് വലിയ മാറ്റങ്ങൾ പ്രകടമാകുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന സിന്തറ്റിക് ട്രാക്കില്‍ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. 500 കോടിയോളം രൂപയുടെ കായിക അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഓരോ ജില്ലയിലും സിന്തറ്റിക് ട്രാക്കുകള്‍ അടക്കുമുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങിന് ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ഡി. ഇ.ഒ കെ.എസ്. ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.