സ്പോര്‍ട്സ് ലോട്ടറി അഴിമതി: ടി.പി. ദാസനെ പ്രതിയാക്കി എഫ്.ഐ.ആര്‍
text_fieldsതിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. പ്രാഥമികാന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടത്തെിയത് സംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ചു. കായികതാരങ്ങളായ അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ്, ജിമ്മി ജോര്‍ജിന്‍െറ സഹോദരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈ 14നാണ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കായികമേഖലയുടെ വികസനത്തിന് 400 കോടി സമാഹരിക്കുക എന്ന ലക്ഷ്യവുമായി 2006 നവംബറിലാണ് സ്പോര്‍ട്സ് ലോട്ടറി നടത്തിയത്. എന്നാല്‍, ഇതില്‍നിന്ന് ഒരു രൂപപോലും കായിക വികസനത്തിന് വിനിയോഗിക്കാന്‍ ലഭിച്ചിട്ടില്ളെന്നും ഭാവനാശൂന്യവും വികലവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നടപടികളിലൂടെ വന്‍ ബാധ്യതയാണ് സ്പോര്‍ട്സ് കൗണ്‍സിലിനുണ്ടായതെന്നുമാണ് വിജിലന്‍സ് കണ്ടത്തെല്‍. സ്പോര്‍ട്സ് ലോട്ടറിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ പൂര്‍ണമായും ശരിവെക്കുന്നതാണ് വിജിലന്‍സ് നിരീക്ഷണം.
ലോട്ടറിയിലൂടെ കോടികളുടെ ഇടപാടാണ് നടന്നതെന്നും ഇതുസംബന്ധിച്ച കൃത്യമായ രേഖയോ കണക്കുകളോ സൂക്ഷിക്കാഞ്ഞത് സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ തലപ്പത്തിരുന്നവരുടെ വീഴ്ചയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രമുഖ വ്യവസായി സി.കെ. മേനോന്‍ 25 ലക്ഷം രൂപ ലോട്ടറിക്ക് നല്‍കിയിരുന്നു. അദ്ദേഹത്തിനുള്ള 25,000 ടിക്കറ്റുകള്‍ കൗണ്‍സിലില്‍ സൂക്ഷിച്ചിരുന്നു എന്നാണ് രേഖകളിലുള്ളത്. എന്നാല്‍, അന്വേഷണത്തില്‍ സി.കെ. മേനോന്‍ ഈ ടിക്കറ്റുകള്‍ കൈപ്പറ്റിയതായി കൗണ്‍സില്‍ രേഖയിലില്ല. ഇതുവഴി കമീഷന്‍ ഇനത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അഞ്ചുലക്ഷം രൂപ സംബന്ധിച്ചും അവ്യക്തത തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി.പി. ദാസനുവേണ്ടി ഗള്‍ഫ് മേഖലയില്‍ ടിക്കറ്റ് വിറ്റഴിച്ച പി.പി. ഖാലിദിന് നോണ്‍പ്ളാന്‍ ഫണ്ടില്‍നിന്നും വിമാനക്കൂലിയായി 75,440 രൂപ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. മുന്‍ കായികമന്ത്രി ഇ.പി. ജയരാജനുമായുള്ള അഭിപ്രായഭിന്നത മൂലം അഞ്ജു ബോബി ജോര്‍ജ് സ്ഥാനം ഒഴിഞ്ഞതിനത്തെുടര്‍ന്ന് കഴിഞ്ഞ ജൂലൈ 23നാണ് ടി.പി. ദാസന്‍ വീണ്ടും പ്രസിഡന്‍റായത്. അഴിമതി ആരോപണം നേരിടുന്ന ദാസനെ തലപ്പത്തേക്ക് കൊണ്ടുവരുന്നതില്‍ സി.പി.എമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. എന്നാല്‍, ഇ.പി. ജയരാജന്‍െറ പിടിവാശിക്ക് മുന്നില്‍ പാര്‍ട്ടി നേതൃത്വം വഴങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.