കായികമേള: ക്ലീന്‍ മേളയൊരുക്കി ഹരിതസേനാംഗങ്ങള്‍
text_fieldsകൊച്ചി: ഇരുപത്തിനാലായിരത്തോളം കായികതാരങ്ങളും അവരെ അനുഗമിക്കുന്നവരും സംഗമിക്കുന്ന സംസ്ഥാനസ്‌കൂള്‍ കായികമേളക്ക് ക്ലീന്‍ മേളയൊരുക്കി ഹരിതസേനാംഗങ്ങള്‍. മേള അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ കായികമേള പൂര്‍ണമായും ഹരിതമേളയായി മാറിയിരിക്കുകയാണ്. വിട്ടുവീഴ്ചകളില്ലാതെ ഹരിതചട്ടം ഉറപ്പ് വരുത്തുന്ന ഗ്രീന്‍ വോളന്റിയര്‍മാരാണ് മേളയെ അടിമുടി പ്രകൃതിസൗഹൃദമേളയാക്കി മാറ്റിയത്.
ജില്ലയിലെ 17 മത്സരവേദികളിലായി 200 ലധികം കുട്ടി സന്നദ്ധപ്രവര്‍ത്തകരാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത് മുതല്‍ കഴിയുന്നതുവരെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താന്‍ കർമനിരതരായിട്ടുള്ളത്. ജില്ലയിലെ വിവിധ സ്‌കൂളില്‍ നിന്നുള്ള വിദ്യാർഥികളാണ് ഈ ഹരിതസേനാംഗങ്ങള്‍. പച്ച ടീഷര്‍ട്ടും തൊപ്പിയുമടങ്ങിയ പ്രത്യേക യൂണിഫോമിലാണ് ഇവര്‍ വേദികളിലുള്ളത്. പ്രധാനാധ്യാപകരുടെ സംഘടനയുടെ നേതൃത്വത്തിലാണ് ഹരിതചട്ടം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
ഭക്ഷണപ്പുരയിലടക്കം ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നിക്ഷേപിക്കുന്നതിന് ചുവന്ന ബിന്നുകളും ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് പച്ച ഭിന്നുകളുമാണ് സ്ഥാപിച്ചത്. കുട്ടികളുടെ ഹരിതസേനാംഗങ്ങള്‍ വേദികളില്‍ സദാസമയവും സഞ്ചരിച്ച് മാലിന്യങ്ങള്‍ ശേഖരിച്ച് ബിന്നുകളില്‍ നിക്ഷേപിക്കുന്നുണ്ട്.
വേദിയുടെ വിവിധ ഭാഗങ്ങളിലായി ഹരിതചട്ടസന്ദേശങ്ങള്‍ അടങ്ങിയ ബാനറുകള്‍ സ്ഥാപിക്കുകയും ഇടവേളകളില്‍ ശബ്ദ സന്ദേശങ്ങളായി നിര്‍ദേശങ്ങള്‍ കാണികള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. 10000 ത്തോളം പേര്‍ മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന ഭക്ഷണശാലകളിലും ഹരിതചട്ടപാലനം കിറുകൃത്യം തന്നെ. ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസുകളിലും പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലുമാണ് ഭക്ഷണവിതരണം.
ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കുകയും കഴിക്കാനെത്തുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ കൃത്യമായി നല്‍കാന്‍ സന്നദ്ദസേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ കൃത്യമായി ബിന്നുകളില്‍ നിക്ഷേപിക്കുന്നുണ്ടെന്ന് ഇവര്‍ ഉറപ്പാക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളും കര്‍മ്മനിരതരായി വേദികളിലുണ്ട്. വേദികളില്‍ നിന്ന് തരംതിരിച്ച് ശേഖരിക്കുന്ന വിവിധതരം മാലിന്യങ്ങള്‍ അതത് ദിവസം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.