പൊലീസിലെ സ്പോർട്സ് ക്വാട്ട നിയമനം: അനസിന് ജോലി നിഷേധിച്ചത് 31 വയസ്സിന്‍റെ പേരിൽ, ഇപ്പോൾ 39കാരനും നിയമനം
text_fieldsതിരുവനന്തപുരം: പൊലീസിലെ സ്പോട്സ് ക്വാട്ട നിയമന വിവാദത്തിനിടെ ദേശീയ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് നിയമനം നിഷേധിച്ച് ആഭ്യന്തരവകുപ്പ് നൽകിയ മറുപടി വീണ്ടും ചർച്ചയാകുന്നു. നിലവിൽ കായികരംഗത്ത് സജീവമായി നിൽക്കുന്നവരെയും താരതമ്യേന 25 വയസ്സിൽ കുറവുള്ളവരെയുമാണ് കേരള പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ ജോലിയിൽ പ്രവേശിപ്പിക്കുന്നതെന്നും അനസിന് 31 വയസ്സ് പൂർത്തിയായതിനാൽ ഹവിൽദാർ തസ്തികയിലേക്ക് പോലും നിയമനം നൽകാനാവില്ല എന്നുമായിരുന്നു 2020 ഡിസംബർ 27ന് ആഭ്യന്തരവകുപ്പ് നൽകിയ മറുപടി. അതേസമയം, ഇപ്പോൾ 39 വയസ്സായ 1986ൽ ജനിച്ച ചിത്തരേഷ് നടേശന്‍റെ നിയമനത്തിന് ഈ മാനദണ്ഡം ബാധകമല്ല.
സ്പോട്സ് ക്വാട്ട നിയമനത്തിനുള്ള കായിക ഇനമായി അംഗീകരിക്കാത്ത ബോഡി ബിൽഡിങ് താരങ്ങൾക്ക് ചട്ടം മറികടന്ന് പൊലീസിൽ ഗസറ്റഡ് റാങ്കിൽ നേരിട്ട് നിയമനം നൽകാനുള്ള സർക്കാർ തീരുമാനത്തിനിടെയാണ് രാജ്യത്തിന് വേണ്ടി ഫുട്ബാൾ കളിച്ച അനസ്, റിനോ ആന്‍റോ, ഹാൻഡ്ബാൾ താരം എസ്. ശിവപ്രസാദ്, ചെസിലെ എസ്.എൽ. നാരായൺ തുടങ്ങി നിരവധി താരങ്ങളെ തഴയുന്നത്.
2020ലെ ആഭ്യന്തരവകുപ്പ് ഉത്തരവ് പ്രകാരം ഷൂട്ടിങ് കൂടി ഉൾപ്പെടുത്തി 12 കായിക ഇനങ്ങളിൽ നിന്നുള്ളവർക്ക് സായുധസേനയിൽ ഹവിൽദാർ തസ്തികയിൽ നിയമനം നൽകാമെന്ന് നിഷ്കർശിക്കുന്നുണ്ട്. ഈ ചട്ടവും മറികടന്നാണ് രണ്ടു പേരെ ഗസറ്റഡ് റാങ്കായ ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ട് നിയമിക്കുന്നത്.
പുതിയതാരങ്ങളുടെ തൊഴിലവസരം നഷ്ടമാകുമെന്ന് കരുതിയാണ് നിയമനടപടിക്ക് പോകാത്തത് -അനസ് എടത്തൊടിക
ഈ വിഷയുമായി ബന്ധപ്പെട്ട എന്‍റെ വാക്കുകളെല്ലാം തെറ്റിദ്ധരിക്കപ്പെടാറാണ് പതിവ്. പിന്നീട് ഞാനായിട്ട് ജോലി അവസരം തേടി പോയിട്ടില്ല. ഇത് എന്‍റെ മാത്രം പ്രശ്നമായല്ല ഉന്നയിക്കുന്നത്. സർക്കാർ അംഗീകരിക്കേണ്ടവരെ അംഗീകരിക്കണം. ഇപ്പോൾ വിവാദമായ വ്യക്തികൾക്ക് ജോലികിട്ടുന്നതിൽ എനിക്ക് എതിർപ്പില്ല. എന്നാൽ, അവർക്ക് ജോലികിട്ടുന്നതിനോടാണ് എന്‍റെ എതിർപ്പെന്നാണ് എല്ലാവരും കരുതുന്നത്. ആ കായിക താരങ്ങൾക്ക് എതിരാണ് ഞാനെന്ന രീതിയിലാണ് എന്‍റെ പ്രതികരണങ്ങൾ പലപ്പോഴും വാർത്തയാകുന്നത്.
സാമ്പത്തിക നില നോക്കിയല്ല സച്ചിനും ധോണിക്കും മോഹൻലാലിനുമെല്ലാം സൈനിക റാങ്ക് കൊടുത്തത്. അതവർക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ് എന്നുപോലും മനസ്സിലാകാത്ത അധികാരികളാണ്. ജോലി കൊടുക്കുന്നതും കൊടുക്കാതിരിക്കുന്നതും സർക്കാർ തീരുമാനമാണ്. പക്ഷെ, മാനദണ്ഡങ്ങൾ ഉള്ളവർക്കും അംഗീകാരമായി ജോലി നൽകണമെന്നാണ് എന്‍റെ അഭിപ്രായം. ജോലി കിട്ടിയവർക്ക് അത് ലഭിച്ചതിനോട് എതിർപ്പില്ല എന്ന് ആവർത്തിക്കുന്നു.
ഇതെന്‍റെ മാത്രം കാര്യമല്ല, ദേശീയ താരം ഹവിൽദാർ തസ്തികക്ക് പോലും യോഗ്യനല്ല എന്ന് പറയുന്നതിലെന്താണ് അർഥം. 150ഓളം പേർക്കുള്ള തൊഴിലവസരം നഷ്ടമാകുമെന്ന് കരുതിയാണ് നിയമനടപടിക്ക് പോകാത്തത്. കോടതി സ്റ്റേ ഉത്തരവിട്ടാൽ സർക്കാർ സ്പോട്സ് ക്വാട്ട നിയമനം നിർത്തിയേക്കും.
അതോടെ, മറ്റ് കായികതാരങ്ങളും അവരുടെ കുടുംബങ്ങളും എന്നെ ശത്രുവായി കാണും. ജോലിയെങ്കിലും കിട്ടിയാൽ മതിയെന്ന് ചിന്തിക്കുന്ന നിരവധി പാവപ്പെട്ട മാതാപിതാക്കളുണ്ട്. രാഷ്ട്രീയക്കാർക്കല്ല കായികതാരങ്ങൾക്ക് മാത്രമായിരിക്കും അപ്പോഴും നഷ്ടം. അതുകൊണ്ട് ഒന്നിനും പോകാനില്ല. പല രാഷ്ട്രീയക്കാരും കേസുമായി മുന്നോട്ട് പോകണമെന്ന് പറഞ്ഞിരുന്നു. അപ്പേഴെല്ലാം പുതിയ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തരുതെന്നാണ് വിചാരിച്ചത്- അനസ് എടത്തൊടിക ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.