സ്പോര്‍ട്സ് സ്കൂള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെലക്ഷന്
text_fieldsതിരുവനന്തപുരം: ജി.വി രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷന് എന്നിവിടങ്ങളിലേക്കും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, സ്കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവര്‍ഷത്തെ ആദ്യഘട്ട സെലക്ഷൻ ഈമാസം 18 മുതല്‍ നടക്കും. ആറ്, ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് നേരിട്ടും ഒമ്പത്,10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്ട്രിയിലൂടെയുമായിരിക്കും തിരഞ്ഞെടുപ്പ്.
ബാസ്കറ്റ് ബാള്‍, ബോക്സിങ്, ഹോക്കി, ജൂഡോ, വോളിബാള്‍, റസ്ലിങ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്ബാളിലും തായ്ക്വാൻഡോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെലക്ഷന്. ആണ്‍കുട്ടികളുടെ ഫുട്ബാള്‍ സെലക്ഷന് പിന്നീട് നടത്തും. ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള സെലക്ഷന് കായികക്ഷമത ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സെലക്ഷന് കായികക്ഷമതയുടെയും അതത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. 9,10 ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രിക്ക് സംസ്ഥാന തലത്തില്‍ മെഡല്‍ കരസ്ഥമാക്കിയവരോ തത്തുല്യ പ്രകടനം കാഴ്ചവെച്ചവരോ ആയിരിക്കണം.
ആദ്യഘട്ട സെലക്ഷനില്‍ മികവ് തെളിയിക്കുന്നവരെ സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ അസസ്മെന്റ് ക്യാമ്പില്‍ പങ്കെടുപ്പിക്കും. ക്യാമ്പിലെ പ്രകടനത്തിന്റെയും ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്.
താഴെപ്പറയുന്ന കേന്ദ്രങ്ങളിലാണ് പ്രാഥമിക സെലക്ഷന് നടത്തുന്നത്:18ന് മുനിസിപ്പല്‍ സ്റ്റേഡിയം, തലശ്ശേരി.19ന് ഇ.എം.എസ് സ്റ്റേഡിയം നീലേശ്വരം. 21ന് എസ്.കെ.എം.ജെ.എച്ച് .എസ്.എസ് സ്റ്റേഡിയം, കല്പറ്റ. 22ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയം, തേഞ്ഞിപ്പാലം. 23ന് മുനിസിപ്പല്‍ സ്റ്റേഡിയം, പാലക്കാട്. 24ന് ജി.വി.എച്ച്.എസ്.എസ് കുന്നംകുളം, തൃശൂര്‍. 25ന് യൂ.സി കോളജ് ഗ്രൗണ്ട്, ആലുവ. 28ന് കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയം, കലവൂര്‍, ആലപ്പുഴ. 30ന് മുനിസിപ്പല്‍ സ്റ്റേഡിയം, നെടുങ്കണ്ടം, ഇടുക്കി. 31ന് മുനിസിപ്പല്‍ സ്റ്റേഡിയം, പാലാ. ഫെബ്രുവരി ഒന്ന് കൊടുമണ്‍ സ്റ്റേഡിയം, പത്തനംതിട്ട. രണ്ടിന് ശ്രീപാദം സ്റ്റേഡിയം, ആറ്റിങ്ങല്‍. മൂന്നിന് ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, മൈലം, തിരുവനന്തപുരം.
പങ്കെടുക്കുന്ന വിദ്യാർഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് ഡ്രസ് എന്നിവ സഹിതം അതത് ദിവസം രാവിലെ ഒമ്പതിന് എത്തണം. വിദ്യാർഥികള്‍ക്ക് അവരവരുടെ സൗകര്യമനുസരിച്ച് ഏതു കേന്ദ്രത്തിലും സെലക്ഷന് പങ്കെടുക്കാം. ഏതു കേന്ദ്രത്തിലാണെങ്കിലും ഒരുതവണ മാത്രമേ പങ്കെടുക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് dsya.kerala.gov.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.