ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് സുഗമമായ തീര്‍ഥാടനത്തിന്; വിശദീകരണവുമായി മന്ത്രി വാസവൻ
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ പ്രതിദിന എണ്ണം 80,000ന് മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. ഇതിനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം മതിയോ എന്നതും സ്പോട്ട് ബുക്കിങ് അനുവദിക്കേണ്ടതുണ്ടോ എന്നും യോഗം വിശദമായി ചര്‍ച്ച ചെയ്തു.
സ്പോട്ട് ബുക്കിങ് ഏര്‍പ്പെടുത്തിയാല്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 80,000 കവിഞ്ഞുപോകുന്നതാണ് മുന്‍കാലങ്ങളില്‍ കണ്ടുവരുന്നത്. അത് തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതും തിരക്ക് നിയന്ത്രണത്തെയും മറ്റ് മുന്നൊരുക്കങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. 2024-25 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിമാത്രം തീര്‍ഥാടകരെ അനുവദിക്കുന്നതാണ് ഉചിതമെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ തീർഥാടനകാലത്ത് ആദ്യഘട്ടത്തിൽ വെർച്ച്വൽ ക്യൂ വഴി 90000 പേർക്കും സ്പോട്ട് ബുക്കിങ്ങിൽ 10000 പേർക്കും പ്രവേശനം നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ 80000, 10000 എന്നിങ്ങനെയായി നിജപ്പെടുത്തി. മൂന്നാം ഘട്ടത്തിൽ 70000, 10000 ആയി കുറച്ചിരുന്നു. ഈ അനുഭവം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി പറഞ്ഞു.
ബുക്കിങ് സുഗമമാക്കാൻ വെര്‍ച്വൽ ക്യൂവിലെ സ്ലോട്ടിന് കളര്‍ കോഡിങ് നല്‍കി കൂടുതല്‍ തീര്‍ഥാടകര്‍ ബുക്ക് ചെയ്തിട്ടുള്ള സ്ലോട്ടുകള്‍ എളുപ്പത്തില്‍ മനസിലാക്കുന്ന തരത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വെര്‍ച്വല്‍ ക്യൂ സോഫ്റ്റ് വെയറില്‍ വരുത്തും. ക്രമീകരണങ്ങൾ സുഗമമാക്കാൻ ഓരോദിവസവും വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്യുന്ന തീര്‍ഥാടകരുടെ എണ്ണം നിശ്ചിത ഫോര്‍മാറ്റില്‍ ജില്ല ഭരണകൂടത്തിനും പൊലീസിനും മുൻകൂട്ടി നല്‍കുന്നതിനും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.