ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സർക്കാർ
text_fieldsതിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ് അവസാനിപ്പിച്ച നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ട്. സ്പോർട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വി.ജോയ് എം.എൽ.എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി തിരുത്തിയ നിലപാട് പറഞ്ഞത്. സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ തീർത്ഥാടനത്തിന് അവസരം നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. വെർച്ചൽ ക്യൂ സംവിധാനം കുറ്റമറ്റ രീതിയിൽ ശക്തിപ്പെടുത്താൻ തന്നെയാണ് തീരുമാനം.
എങ്കിലും, ഈ സമ്പ്രദായത്തെ കുറിച്ച് അറിയാതെ എത്തുന്ന ഭക്തർക്കും കഴിഞ്ഞ വർഷത്തെ എന്നപോലെ ഈ വർഷവും ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
നേരത്തെ, ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന സർക്കാറിന്റെ തീരുമാനം വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. സഭയിൽ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ സർക്കാന്റെ നിലപാടിൽ പ്രതിഷേധം അറിയിച്ചു.
ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുമെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു.
41 ദിവസത്തെ വ്രതമെടുത്ത ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സർക്കാറിനെയും ദേവസ്വം മന്ത്രിയേയും വിമർശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ദർശനത്തിന് സ്പോട്ട് ബുക്കിങ്ങിന് അവസരം നൽകണമെന്നും ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈന്ദവ സംഘടനകൾക്കിടയിൽ നിന്നും വ്യാപക എതിർപ്പാണുണ്ടായത്.
ഇതിനിടെ സ്പോട്ട് ബുക്കിങ് വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയതോടെ സർക്കാറിന്റെ മലക്കംമറിച്ചിലിനുള്ള സാധ്യത തെളിഞ്ഞിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ സഭയിൽ നിലപാട് വ്യക്തമാക്കിയതോടെ തീർത്ഥാടകരുടെ വലിയൊരു ആശങ്കയാണ് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.