'മാനസിക ആരോഗ്യം മുഖ്യം'; പിന്തുണയുമായി വനിത ശിശു വികസന വകുപ്പിന്‍റ സ്പോട്ട് കൗൺസിലിങ് ഹെല്പ് ഡെസ്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തുന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ പ്രധാന വേദിയായ എം.ടി നിളയിൽ (സെൻട്രൽ സ്റ്റേഡിയം) വനിതാ ശിശു വികസന വകുപ്പിന്‍റെ സ്പോട്ട് കൗൺസിലിങ് ഹെല്പ് ഡെസ്ക്. കൗൺസിലിങ് ആവശ്യമെന്ന് തോന്നുന്ന ആർക്കും നേരിട്ട് ഹെൽപ് ഡെസ്കിനെ സമീപിക്കാവുന്നതാണ്.
ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥ എസ്.ജെ. സുജയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ 35 സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ സേവനമാണ് ഹെൽപ്പ് ഡെസ്കിൽ ലഭ്യമാക്കിയിരിക്കുന്നത്.
മേളയുടെ എല്ലാ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി അഞ്ചു കൗൺസിലർമാർ സേവന സന്നദ്ധരായി 22ാം നമ്പർ സ്റ്റാളിൽ ഉണ്ടാകും.
മത്സരത്തിന് എത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മാനസിക സമ്മർദ്ദങ്ങൾ നേരിടുന്ന കുട്ടികളെ സഹായിക്കാനും ശിശു സംരക്ഷണ വകുപ്പിന്‍റെ മറ്റു പദ്ധതികളെയും സേവനങ്ങളെയുംപറ്റി വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനും ഹെൽപ്പ് ഡെസ്ക് സഹായകരമാകും.
മിഷൻ വാത്സല്യയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂനിറ്റും വഴി നടപ്പാക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും സ്റ്റാളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.