നിര്‍ണായക അവസരങ്ങളില്‍ കെട്ടിച്ചമച്ച കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമ വിശ്വാസ്യത ചോര്‍ത്തും- ഡോ.ആര്‍. ബിന്ദു
text_fieldsകൊച്ചി: സമൂഹത്തിന്റെ പൊതുബോധം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പുപോലുള്ള നിര്‍ണായക അവസരങ്ങളില്‍ കെട്ടിച്ചമച്ച കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമ വിശ്വാസ്യത ചോര്‍ത്തുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇത് അപലപനീയവും പ്രതിഷേധകരവുമാണ്. കേരള മീഡിയ അക്കാദമിയില്‍ ബിരുദ സമ്മേളനവും മാധ്യമ അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംഘടിതമായി എല്ലാ മാധ്യമങ്ങളും ഒരേ തരം വ്യാജ വാര്‍ത്തകള്‍ ചില പ്രത്യേക ഘട്ടത്തില്‍ ചര്‍ച്ചയാക്കുന്നു. ഇത് കാണുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പ്രയോഗത്തില്‍ കഴമ്പുണ്ട് എന്ന് തോന്നിപ്പിക്കുന്നു. ഭരണകൂടത്തിന്റെ പ്രത്യയ ശാസ്ത്ര ഉപകരണങ്ങളായി മാധ്യമങ്ങള്‍ മാറുന്നു. ഉപരിവര്‍ഗത്തിന്റെ ഉപരിപ്ലവമായിട്ടുള്ള കാപട്യങ്ങളില്‍ അഭിരമിക്കുകയും ഉപഭോഗ സംസ്‌കാരത്തിലേക്ക് ബഹുഭൂരിപക്ഷത്തെയും കൊണ്ടു ചെന്നെത്തിക്കുകയുമാണ് ഇന്നത്തെ പല കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചെയ്യുന്നത്.
പട്ടികജാതി പട്ടികവർഗങ്ങളുടെ പ്രശ്‌നങ്ങള്‍ വേണ്ടവിധത്തില്‍ മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നില്ല. ഇതിനൊരു മാറ്റം വരുത്താന്‍ ഈ സമൂഹത്തില്‍ നിന്ന് കൂടുതല്‍ പേര്‍ മാധ്യമ രംഗത്ത് എത്തണം. ഇതിനായി മീഡിയ അക്കാദമി നടത്തുന്ന പരിശ്രമങ്ങള്‍ ഫലവത്താക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂർണ സഹകരണമുണ്ടാകും. മാഗ്‌സസെ അവാര്‍ഡ് ജേതാവായ സായ്‌നാഥിനെപ്പോലുള്ള പത്ര പ്രവര്‍ത്തകര്‍ സാധാരണക്കാരന്റെ ദുരന്തങ്ങളില്‍ താങ്ങായി നില്ക്കുന്നത് കണ്ടിട്ടുണ്ട്. വരള്‍ച്ചയില്‍, പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒപ്പം നില്‍ക്കുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരാകണം പുതുതലമുറക്ക് മാതൃകയാകേണ്ടത്. മന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ്, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, കെ.യു.ഡബ്ല്യു. ജെ സംസ്ഥാന പ്രസിഡന്റും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കെ.പി. റെജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ.രാജഗോപാല്‍ , അസി സെക്രട്ടറി പി.കെ വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.
മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വേരന്‍ അവാര്‍ഡ് -നാഷിഫ് അലിമിയാന്‍, മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് -മാധ്യമത്തിലെ ജോയിന്റ് എഡിറ്റര്‍ പി. ഐ.നൗഷാദ്, മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് - മലയാള മനോരമ പൊന്നാനി ബ്യൂറോയിലെ ജിബീഷ് വൈലിപ്പാട്ട്, മികച്ച ഹ്യൂമണ്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ് - മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ടി. അജീഷ്, കേരള മീഡിയ അക്കാദമിയുടെ ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ് - മലയാള മനോരമയുടെ ഫോട്ടോഗ്രഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിക്കുവേണ്ടി അദ്ദേഹത്തിന്റെ മാതാവ്, കേരള മീഡിയ അക്കാദമിയുടെ മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് - അമൃത ടിവിയിലെ ബൈജു സി. എസ്., ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള ജൂറി യുടെ പ്രത്യേക പുരസ്‌കാരം - സാജന്‍ വി. നമ്പ്യാര്‍, ദൃശ്യ മാധ്യമത്തിനുള്ള ജൂറിയുടെ പ്രത്യേക പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ റിയ ബേബി എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ റാങ്ക് ജേതാക്കളും മന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.