ശ്രീ കേരളവർമ്മ കോളജിന് മുന്നിൽ സംഘർഷം
text_fieldsതൃശൂർ: ശ്രീ കേരളവര്‍മ്മ കോളജിനു മുന്നില്‍ എസ്.എഫ്.ഐക്കെതിരെ പൂര്‍വ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷം. കല്ലേറിൽ കോളജ് യൂണിയന്‍ ചെയര്‍മാനും സ്‌കൂട്ടര്‍ യാത്രക്കാരനുമുള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചവരും കോളജിലെ എസ്.എഫ്.ഐ വിദ്യാർഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പി., എ.ബി.വി.പി., യുവമോര്‍ച്ച സംഘടനയില്‍പ്പെട്ടവരാണ് പൂര്‍വ വിദ്യാർഥി കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത്.
അടുത്തിടെ കേരളവര്‍മ്മ കോളജില്‍ എസ്.എഫ്.ഐയും അധ്യാപകരും തമ്മില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. കോളജില്‍ പഠിക്കാനും പഠിപ്പിക്കാനും സ്വാതന്ത്ര്യമൊരുക്കുക, എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചത്. പരിക്കേറ്റവരില്‍ ഇരുവിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടും. രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേരെ അശ്വിനി ആശുപത്രിയിലും ഏഴ് പേരെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എ.സി.പി. പി. വാഹിദിെൻറ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻറും കൗണ്‍സിലറുമായ എം.എസ്. സമ്പൂര്‍ണ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ വി. രാവുണ്ണി, കെ. മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍, കോളജിലെ മുന്‍ അധ്യാപകന്‍ ഡോ. കല്പറ്റ ബാലകൃഷ്ണന്‍, പൂർവ്വ വിദ്യാർഥികളും സാംസ്കാരിക സംഗമം സംഘാടകരുമായ കെ. കേശവദാസ്, കെ.ബി. ശിവപ്രസാദ് തുടങ്ങിയവര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പാലക്കാട് വിക്‌ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. സരസു ആയിരുന്നു ഉദ്ഘാടകയായി എത്തിയിരുന്നത്.
പ്രതിഷേധ കൂട്ടായ്മ നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. ഡീസോണ്‍ കലോത്സവത്തിനെത്തിയ വിദ്യാർഥികളെ പ്രതിഷേധ കൂട്ടായ്മയിലെത്തിയവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ കോളജ് യൂണിയന്‍ സെക്രട്ടറി അഭിഷേകും, കോളജിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മക്ക് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്ന് എ.ബി.വി.പി സംസ്ഥാന കമ്മിറ്റി അംഗം പ്രസാദും ആരോപിച്ചു. അക്രമത്തെ തുടര്‍ന്ന് കോളജിന് ഉച്ചക്ക് ശേഷം അവധി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.