50 രൂപ പെട്രോൾ വാഗ്ദാനം വെറുംവാക്കായിരുന്നു -ശ്രീധരൻ പിള്ള
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾക്ക് ഒരു വിലയുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പഞ്ഞു. 2014ലെ തെരഞ്ഞെടുപ്പിനെ നേരിടുേമ്പാൾ പെട്രോൾ വില 50 രൂപയിൽ എത്തിക്കുമെന്ന് ബി.ജെ.പി നൽകിയ വാഗ്ദാനം ഒാർമിപ്പിച്ചപ്പോഴാണ് ശ്രീധരൻ പിള്ള ഇതു പറഞ്ഞത്. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എല്ലാം നോക്കിയാൽ അത് മനസ്സിലാകും. ഗരീബി ഹടാവോ എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടവർ രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കിയോ. തെരഞ്ഞെടുപ്പ് വാഗ്ദാനവും യാഥാർഥ്യവും തമ്മിൽ പൊരുത്തപ്പെടാത്തതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ സർക്കാറാണ് എണ്ണകമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം നൽകിയത്. അതാണ് വിലക്കയറ്റത്തിന് കാരണം. ഏതായാലും തെൻറ പാർട്ടി അധ്യക്ഷൻ വിലകുറക്കാൻ നടപടി എടുക്കുമെന്ന് പറഞ്ഞത് വിശ്വസിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ബി.ജെ.പിയിൽ അസ്വാരസ്യങ്ങളില്ല -പി.എസ്. ശ്രീധരൻ പിള്ള
ചാരുംമൂട്: ബി.ജെ.പി സംസ്ഥാന ഘടകത്തിൽ അസ്വാരസ്യങ്ങളില്ലെന്ന് പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. നൂറനാട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന നികുതി കുറക്കുന്ന നടപടി ത്വരിതപ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ സഹായ വാഗ്ദാനം സംബന്ധിച്ച് മുഖ്യമന്തി കുപ്രചാരണമാണ് നടത്തിയിട്ടുള്ളത്. കരിമുളയ്ക്കൽ ക്രിസ്ത്യൻ പള്ളിയിൽ അക്രമണം നടത്തിയത് ആർ.എസ്.എസുകാരും ബി.ജെ.പിക്കാരുമാണെന്നാണ് പ്രതിപക്ഷ നേതാവും, മന്ത്രിമാരുമുൾപ്പെടെ പറഞ്ഞത്.
വർഗീയ സ്പർദമൂലമുണ്ടായ സംഭവമല്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുകയും പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസുമാണ് സമുദായ സൗഹാർദത്തിന് ഭീഷണിയെന്നും, മുതലെടുപ്പിനുള്ള ശ്രമമായിരുന്നു ഇവരുടെ ആരോപണമെന്നും ശ്രീധരൻപിള്ള പറഞ്ഞു. സംഭവത്തിൽ എൽ.ഡി.എഫും, യു.ഡി.എഫും നിലപാടിലുറച്ച് നിൽക്കുകയാണെന്ന് വ്യക്തമാക്കിയാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.