ഗവർണറെ ആക്രമിച്ചവർക്കെതിരെ നടപടിയില്ലാത്തത് ആപത്കരം -ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനച്ചടങ്ങില്‍ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗിച്ച കേരളാ ഗവര്‍ണര്‍ക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള. ക്ഷണം സ്വീകരിച്ചെത്തിയ ഗവർണറെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥ ഇന്ത്യയിൽ ഒരിടത്തും ഉണ്ടായിട്ടില്ല. കേരളത്തിൽ നിയമവാഴ്ച തകർന്നു, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിക്രമത്തിന് തുനിഞ്ഞവർക്കെതിരെ നടപടിയില്ലാത്തത് ആപത്കരമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
കേരള ഗവർണർ സ്വീകരിച്ച നിലപാട് നിയമപരവും ധാർമ്മികവുമാണ്. എന്നാൽ പരിപാടിക്കെത്തിയ തനിക്കെതിരെ അതിക്രമമുണ്ടായെന്ന് പറഞ്ഞിട്ടും അന്വേഷണം നടത്താൻ പോലും തയാറാകാതിരുന്ന കേരളം വെള്ളരിക്കാ പട്ടണമായോയെന്നും ശ്രീധരൻപിള്ള ചോദിച്ചു.കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞതായി കരുതുന്നില്ല. ഗവര്‍ണര്‍ക്കെതിരെ പാഞ്ഞടുത്ത ഇർഫാൻ ഹബീബിനെതിരെ കേസ് എടുക്കണം. എന്തുകൊണ്ടാണ് ഇതുവരേയും കേസ് എടുക്കാത്തതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
ദേശീയ ചരിത്ര കോൺഗ്രസിൽ പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിനിധികളടക്കം എഴുന്നേല്‍ക്കുകയായിരുന്നു. ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ് അടക്കമുള്ളവര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെടുകയും പ്രതിഷേധിച്ചവരെ നീക്കുകയും ചെയ്തു. എന്നാൽ വേദിയിൽ വെച്ച് ഇർഫാൻ ഹബീബ് തന്നെ കയ്യേറ്റം ചെയ്തുവെന്ന് ഗവർണർ പരാതിപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.