ശ്രീധരൻ പിള്ള മുസ്ലിം നേതാക്കളുമായി നിശ്ചയിച്ച ചർച്ച നടന്നില്ല
text_fieldsകോഴിക്കോട്: മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മുസ്ലിം സംഘടന നേതാക്കളുമായി നിശ്ചയിച്ച ചർച്ച നടന്നില്ല. ശനിയാഴ്ച വൈകീട്ട് 6.30ന് കോഴിേക്കാട് മലബാർപാലസ് ഹോട്ടലിലായിരുന്നു ചർച്ച നിശ്ചയിച്ചത്. ഉച്ചക്ക് 12 മണിക്ക് മറ്റു മതസാമൂഹിക സംഘടന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.
ബി.ജെ.പിയുടെ മുൻ സംസ്ഥാന പ്രസിഡൻറായിരുന്ന ശ്രീധരൻപിള്ളയുടെ മുസ്ലിം നേതാക്കളുമായുള്ള ചർച്ച രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്ന അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് പരിപാടി റദ്ദായത്.
അതേസമയം, ചർച്ച 30ാം തീയതിയിലേക്ക് മാറ്റിയതായി ഗവർണറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ടി.എച്ച്. വത്സരാജ് 'മാധ്യമ'ത്തോടു പറഞ്ഞു.
അതിനിടെ, കെ.എൻ.എം നേതാവും പണ്ഡിതനുമായ ഹുസൈൻ മടവൂർ മറ്റൊരു ചടങ്ങിൽ ശ്രീധരൻപിള്ളക്ക് നിവേദനം സമർപ്പിച്ചു. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ 80 ശതമാനവും മുസ്ലിം വിഭാഗത്തിനാണ് ലഭിക്കുന്നതെന്ന പരാതി ക്രിസ്ത്യൻ സമുദായത്തിെൻറ ഭാഗത്തുനിന്ന് ലഭിച്ചതായി നേരത്തേ ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച യാഥാർഥ്യം വ്യക്തമാക്കുന്ന കത്താണ് ശ്രീധരൻപിള്ളക്ക് നൽകിയതെന്ന് ഹുസൈൻ മടവൂർ പറഞ്ഞു. വിഷയം പഠിച്ചശേഷം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് ശ്രീധരൻപിള്ള അറിയിച്ചതായും ഹുസൈൻ മടവൂർ പറഞ്ഞു. ശ്രീധരൻപിള്ള കഴിഞ്ഞമാസം കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്കിടയിലെ തർക്കത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രസർക്കാറുമായി അടുപ്പിക്കുന്ന പല നീക്കങ്ങളും കേരളത്തിൽ നടക്കുന്നതിനിടെയാണ് ശ്രീധരൻ പിള്ളയുടെ മുസ്ലിം നേതാക്കളുമായുള്ള ചർച്ച ശ്രദ്ധിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.