ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്നു പൊലീസുകാർ അറസ്റ്റിൽ
text_fieldsകൊച്ചി/ആലുവ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർ അറസ്റ്റിൽ. ആലുവ റൂറൽ എസ്.പി എ.വി. ജോർജിന് കീഴിെല റൂറൽ ടൈഗർ ഫോഴ്സിലെ (ആർ.ടി.എഫ്) അംഗങ്ങളായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിെല അന്വേഷണസംഘം കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവർ കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസുകാരാണ്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
ഇവരെ ബുധനാഴ്ച രാവിലെ മുതൽ ആലുവ പൊലീസ് ക്ലബിൽ ചോദ്യംചെയ്തിരുന്നു. അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറസ്റ്റിന് അനുമതി നൽകുകയായിരുന്നു. വീടാക്രമണത്തെത്തുടർന്ന് വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെയും ആർ.ടി.എഫ് അംഗങ്ങളെയും ഒരുമിച്ചിരുത്തി ബുധനാഴ്ച ചോദ്യം ചെയ്തു. ഇവരുടെ മൊഴികളും ഇവർക്കെതിരായ മൊഴികളും പരിശോധിച്ചു.
സ്റ്റേഷനിൽ മർദിച്ചതിന് വരാപ്പുഴ എസ്.ഐ ജി.എസ്. ദീപക്, അറസ്റ്റ് നടപടികളിൽ വീഴ്ച വരുത്തിയതിന് പറവൂർ സി.ഐ ക്രിസ്പിൻ സാം എന്നിവർക്കെതിരെയും തെളിവ് ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകും. പ്രാഥമികാന്വേഷണത്തിൽ മതിയായ തെളിവ് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തതെന്നും കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാ പൊലീസുകാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും െഎ.ജി എസ്. ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്തിെൻറ കുടുംബത്തിന് നീതി ഉറപ്പാക്കും. കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് മെഡിക്കൽ ബോർഡിെൻറ തീരുമാനം വന്നശേഷമാകും തുടർ നടപടിയെന്നായിരുന്നു മറുപടി.
ശ്രീജിത്തിെന ആളുമാറിയാണ് ആർ.ടി.എഫ് കസ്റ്റഡിയിലെടുത്തതെന്നും അവർ ക്രൂരമായി മർദിച്ചെന്നും അന്വേഷണസംഘം അനൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ആർ.ടി.എഫ് അംഗങ്ങൾ മർദിച്ചെന്ന് വെളിപ്പെടുത്തി അയൽവാസി അജിത്ത് രംഗത്തെത്തിയിരുന്നു.
കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് അടക്കമുള്ളവരെ വരാപ്പുഴ സ്റ്റേഷനിൽ എത്തിക്കുന്നതിന് പകരം വഴിമാറി സഞ്ചരിച്ചെന്നും ആരോപണമുയർന്നു. മേഖലയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ജീപ്പിൽവെച്ചും മര്‍ദിച്ചതായി വ്യക്തമായിട്ടുണ്ട്. എന്നാൽ, മരണകാരണമായ കുടലിനേറ്റ മുറിവ് എപ്പോഴാണ് ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിൽ ആർ.ടി.എഫ് ഉദ്യോഗസ്ഥരിൽനിന്നും ലോക്കൽ പൊലീസിൽനിന്നും പരസ്പരവിരുദ്ധ മൊഴികളാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.