ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതോ? ഇരുതുടയിലെയും പേശികളിൽ അസാധാരണ ചതവും പരിക്കും
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിെൻറ മരണം പൊലീസ് കസ്റ്റഡിയിലെ ക്രൂരമർദനത്തെ തുടർന്നാണെന്ന് സ്ഥാപിക്കുന്ന വിധത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കേസ് വഴിത്തിരിവിൽ. ഉരുട്ടൽ ഉൾപ്പെടെ പൊലീസിെൻറ മൂന്നാംമുറക്ക് ശ്രീജിത്ത് ഇരയായെന്ന സംശയം ബലപ്പെടുത്തുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ. ഇതിെൻറ അടിസ്ഥാനത്തിൽ മുറിവുകൾ എങ്ങനെ സംഭവിച്ചതാണെന്ന് കണ്ടെത്താൻ അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു.
ലാത്തിപോലെ ഉരുണ്ട വസ്തുക്കൾകൊണ്ട് ഉരുട്ടിയാൽ മാത്രം സംഭവിക്കാവുന്ന ചതവുകളും പരിക്കുകളും ശ്രീജിത്തിെൻറ ശരീരത്തിലുണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. കൈകാലുകൾക്ക് പുറമെ മൂർച്ചയില്ലാത്ത ആയുധങ്ങൾകൊണ്ടും മർദിച്ചിട്ടുണ്ട്. ശ്രീജിത്തിെൻറ ശരീരത്തിൽ കണ്ടെത്തിയ 18 മുറിവാണ് റിപ്പോർട്ടിൽ അക്കമിട്ട് പറയുന്നത്.
ഇരുതുടയിലെയും പേശികളിൽ ഒരേ സ്വഭാവത്തിെല ചതവ് കണ്ടെത്തിയതാണ് സംഭവം ഉരുട്ടിക്കൊലയാണെന്ന സംശയം ഉയർത്തുന്നത്. പല ചതവുകളും പരിക്കുകളും അസാധാരണമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മൂക്ക്, വലത് കവിൾ, മേൽച്ചുണ്ട്, നെഞ്ചിെൻറ ഇടതുഭാഗം, ഇരുകൈയുടെയും പിൻഭാഗം, അടിവയറിെൻറ ഇടതുഭാഗം എന്നിവിടങ്ങളിലെല്ലാം മുറിവേറ്റതായി അഞ്ചുപേജ് വരുന്ന റിപ്പോർട്ടിലുണ്ട്. വയറ്റിലും അടിവയറ്റിലുമുണ്ടായ പരിക്കും ഇതുമൂലം പഴുപ്പ് ബാധിച്ചതോടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണ് മരണകാരണമായി പറയുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്ന് അന്വേഷണസംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ശിപാർശ ചെയ്തത്. ഉരുട്ടിക്കൊല നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇക്കാര്യം മെഡിക്കൽ ബോർഡ് തീരുമാനിക്കുമെന്നുമാണ് അന്വേഷണസംഘം നൽകുന്ന വിവരം.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആലുവ റൂറൽ എസ്.പി എ.വി. ജോർജിെൻറ കീഴിെല ടൈഗർ ഫോഴ്സിലെ അംഗങ്ങളും ലോക്കൽ പൊലീസും അന്വേഷണസംഘത്തിന് നൽകിയ വിവരങ്ങളിൽ വൈരുധ്യമുണ്ട്. ഇൗ സാഹചര്യത്തിൽ ആരോപണവിധേയരായ പൊലീസുകാർക്ക് നുണപരിശോധന നടത്താനും ആലോചനയുണ്ട്. റൂറൽ എസ്.പിയുടേതടക്കം ഫോൺ രേഖകളും പരിശോധിച്ചുവരുകയാണ്.
ശ്രീജിത്തിനെ മർദിച്ചത് എസ്.െഎ ദീപക്കെന്ന് കൂട്ടുപ്രതികൾ
കൊച്ചി: പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിൽ മർദിച്ചത് എസ്.െഎ ദീപക്കെന്ന് കൂട്ടുപ്രതികൾ. ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മർദിച്ചതിന് തങ്ങൾ സാക്ഷികളാണെന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ കാരണമായ വീടാക്രമണക്കേസിൽ ഒപ്പം അറസ്റ്റിലായവർ പറഞ്ഞു. ശ്രീജിത്തിെൻറ വയറ്റിൽ ചവിട്ടി. തങ്ങൾക്കും മർദനമേറ്റെന്നും ചൊവ്വാഴ്ച പറവൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സി.ബി.െഎ അന്വേഷിക്കണം-ശ്രീജിത്തിെൻറ കുടുംബം
ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ കേസ് സി.ബി.െഎ അന്വേഷിക്കണമെന്ന് അമ്മ ശ്യാമളയും ഭാര്യ അഖിലയും. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല. പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാനാണ് നീക്കം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ശ്രീജിത്തിെൻറ കുടുംബാംഗങ്ങൾ വ്യക്തമാക്കി.
പൊലീസ് മർദനത്തിലാണ് ശ്രീജിത്ത് മരിച്ചതെന്ന് വ്യക്തമായിട്ടും കുറ്റക്കാെര അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് ക്രൂരമായി മർദിച്ചതായി ശ്രീജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു. കസ്റ്റഡിയിൽ എടുത്ത ശ്രീജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതിരിക്കാനും പൊലീസ് ശ്രമിച്ചു. കോടതി സമയം കഴിഞ്ഞിട്ടും കാത്തിരുന്ന മജിസ്ട്രേറ്റിന് മുന്നിലോ അദ്ദേഹത്തിെൻറ വീട്ടിലോ ഹാജരാക്കിയില്ല. ഇതേക്കുറിച്ചെല്ലാം സി.ബി.െഎയെക്കൊണ്ട് അന്വേഷിപ്പിച്ച് സത്യം പുറത്തുകൊണ്ടുവരണം.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ആധാരമായ വീടാക്രമണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വാസുദേവെൻറ മകൻ വിനീഷും സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. വീട് ആക്രമിച്ച കേസിലെ നാലു പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്നും വിനീഷ് പറഞ്ഞു.
അതിനിടെ, വരാപ്പുഴ സ്റ്റേഷനിൽ എത്തിക്കുേമ്പാൾ തന്നെ ശ്രീജിത്ത് അങ്ങേയറ്റം അവശ നിലയിലായിരുന്നെന്ന് ദൃക്സാക്ഷി വിജു വെളിപ്പെടുത്തി. വീടാക്രമണ കേസിൽ കസ്റ്റഡിയിലായ വിജുവിനെ കുറ്റക്കാരനല്ലെന്നു കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു. കടുത്ത വയറുവേദനയുള്ളതായും പൊലീസ് ഒരുപാട് തല്ലിയെന്നും സ്റ്റേഷനിലെ സെല്ലിൽവെച്ച് ശ്രീജിത്ത് പറഞ്ഞതായാണ് വിജുവിെൻറ വെളിപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.