ശ്രീജിത്ത് വധശ്രമക്കേസ്: പ്രതികളെ രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ഉത്തരം കിട്ടാതെ പൊലീസ്
text_fieldsപുന്നയൂർക്കുളം: വിവരാവകാശ പ്രവർത്തകൻ തൃപ്പറ്റ് കല്ലൂർ ശ്രീജിത്ത് വധശമ്രക്കേസിലെ പ്രതികളെ രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ഉത്തരം ലഭിക്കാതെ പൊലീസ് അന്ധാളിപ്പിൽ. പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ ഇവരുടെ അഭിഭാഷകൻ്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ. ഇതിനാൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള പ്രതികളുടെ മറുപടി കേട്ട് നിൽക്കേണ്ട ഗതികേടിലാണ് അന്വേഷണ സംഘം.
ക്വട്ടേഷന്‍ സംഘത്തിലെ എറണാകുളം പച്ചാളം സ്വദേശി നിബിന്‍, ചിറ്റൂര്‍ സ്വദേശി അനില്‍കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രകാരം തിങ്കളാഴ്ച പ്രതികള്‍ അഭിഭാഷകൻ്റെ സാന്നിധ്യത്തില്‍ വടക്കേകാട് സ്റ്റേഷനില്‍ ഹാജരായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ഇന്നലെ പ്രതികൾ എത്തിയെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവരിൽ നിന്നു ലഭിച്ചിട്ടില്ല. ക്വട്ടേഷൻ നൽകിയത് ആരാണെന്ന് പറയാനും ഇവർ തയ്യാറായില്ല.
ഇന്നലെ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കേസിൽ ദുർബല വകുപ്പുകൾ ചുമത്തിയതാണ് പ്രതികൾക്ക് ജാമ്യം കിട്ടാൻ ഇടയാക്കിയതെന്നായിരുന്നു ആക്ഷേപം.
പ്രതികൾ ചോദ്യം ചെയ്യലിനു സഹകരിക്കുന്നില്ലെന്നും ഇവരുടെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നാണ് പൊലീസ് വിശദീകരണം.
കഴിഞ്ഞ ഓഗസ്റ്റ് 16നു രാവിലെയാണ് സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം പുന്നൂക്കാവിലെ ശ്രീജിത്തിന്‍റെ ചായക്കടയില്‍ കയറി ശ്രീജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ പച്ചാളം സ്വദേശി കുന്നത്തു പറമ്പില്‍ രജീഷ് (35) നെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.