ആകാശവാണിയുടെ 'മുഖശ്രീ' പടിയിറങ്ങുന്നു
text_fieldsശ്രീകുമാർ
മുഖത്തല
തിരുവനന്തപുരം: ആകാശവാണിയുടെ മുഖവും ശ്രോതാക്കളുടെ പ്രിയങ്കരനുമായ ശ്രീകുമാർ മുഖത്തല 35 വർഷത്തെ സേവനത്തിനു ശേഷം ആകാശവാണിയുടെ പടികളിറങ്ങുന്നു. 1990ൽ കോഴിക്കോട് ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടിവായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം തിരുവനന്തപുരം ആകാശവാണിയുടെ അസി. സ്റ്റേഷൻ ഡയറക്ടർ (പ്രോഗ്രാം) തസ്തികയിലാണ് 30ന് വിരമിക്കുന്നത്.
ആകാശവാണി പരീക്ഷിച്ച തത്സമയം തെരുവുകളിൽ ശ്രോതാക്കളുമായി സംവദിക്കാനുള്ള അവസരം നൽകുന്ന 'റോഡ് ഷോ' പരിപാടിക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനികളിലൊരാളായിരുന്നു അദ്ദേഹം. കൂടാതെ, റേഡിയോ കാർട്ടൂർ എന്ന പുതിയ ആശയവും ശ്രീകുമാർ മലയാളക്കരയെ പരിചയപ്പെടുത്തി. 'കലികാലം' എന്ന റേഡിയോ കാർട്ടൂണിന് ബിജു മാത്യുവിനൊപ്പം രചന നിർവഹിച്ചു. കോഴിക്കോട് ആകാശവാണിക്കായി യേശുദാസ്, ഒ.എൻ.വി. കുറുപ്പ്, ടി. പത്മനാഭൻ തുടങ്ങിയ പ്രതിഭകളുമായി ശ്രീകുമാർ നടത്തിയ അഭിമുഖങ്ങൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കൊച്ചി ആകാശവാണിക്കായി അദ്ദേഹം രൂപമാറ്റം വരുത്തിയ 'ശ്രവ്യ നിഘണ്ടു'വിന് കാതോർക്കാർ ശ്രോതാക്കളേറെയായിരുന്നു. ആകാശവാണിക്കായി ഒരുപിടി റേഡിയോ നാടകങ്ങളും അദ്ദേഹം തയാറാക്കി. 19 വർഷമായി ശബരിമല മകരവിളക്ക് സമയത്ത് ആകാശവാണിക്കായി റണ്ണിങ് കമന്ററി പറയുന്നതും ശ്രീകുമാറാണ്.
കഴിഞ്ഞ നാലുവർഷമായി 'മൻ കി ബാത്ത്' എന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ ശബ്ദമായി മലയാളിയുടെ കാതുകളിലേക്കെത്തുന്നതും ശ്രീകുമാറിന്റെ ശബ്ദമാണ്. 200ഓളം ലളിതഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ നിരവധി കവിതകൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നൽകുന്ന സി.ബി. കുമാർ എൻഡോവ്മെന്റ്, വി.ടി. സ്മാരക പുരസ്കാരം, കടമ്മനിട്ട കവിത പുരസ്കാരം, തകഴി സാഹിത്യ പുരസ്കാരം, തനിക കാവ്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പരേതയായ സുധയാണ് ഭാര്യ. ശ്രീനാഥ്, അപർണ എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.